സർവ്വം സംഗീതമയമാക്കി സോഷ്യൽമീഡിയയിൽ ഈ വൈറൽ ഗ്രൂപ്പ്; ദി മ്യൂസിക് സർക്കിളിന് ഒരു വയസ്!

ദി മ്യൂസിക് സർക്കിൾ. ഒരു വർഷം പിന്നിടുന്ന സംഗീത യാത്ര. അതുവരെ ഫേസ്ബുക്കിൽ കണ്ടിരുന്ന നിരവധി ഗ്രൂപ്പുകളിൽ നിന്നും വ്യത്യസ്തമായി സംഗീതത്തെ പറ്റി ചർച്ചകൾ നടത്താനും, മ്യുസീഷ്യൻസിനെ പ്രോത്സാഹിപ്പിക്കാനും എന്ന ഉദ്ദേശത്തോടെയാണ് കുറച്ച് സുഹൃത്തുക്കൾ ചേർന്ന് 2019 ആഗസ്റ്റിൽ മ്യൂസിക് സർക്കിൾ എന്ന ഗ്രൂപ്പ് ആരംഭിക്കുന്നത്. ആരംഭഘട്ടത്തിൽ തന്നെ ഗ്രൂപ്പ് ആളുകളിൽ കൗതുകമുണർത്തിയിരുന്നു.

പ്രിയപ്പെട്ട പാട്ടുകളെ കുറിച്ചും അവയുടെ ശില്പികളെ കുറിച്ചും ഗായകരെ കുറിച്ചുമെല്ലാം ആളുകൾ അവരുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പങ്കുവെച്ചു. പുതിയൊരു പാട്ട് കേൾക്കുമ്പോഴോ, തങ്ങളുടെ ഇഷ്ട ഗാനം മറ്റുള്ളവരിൽ കൂടി എത്തിക്കാനുമൊക്കെയായി അംഗങ്ങൾ ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തു. സംഗീതം പഠിച്ചവരോടൊപ്പം തന്നെ സംഗീത ആസ്വാദകരും, പ്രശസ്ത സംഗീത പ്രതിഭകളും ഗ്രൂപ്പിൽ സജീവമായി ഇടപെടാറുണ്ട്.

കേൾക്കുന്ന പാട്ടിനെ കുറിച്ചുള്ള ഓരോ ആളുകളുടെയും നിരീക്ഷണങ്ങളുടെ ചുവടു പിടിച്ചു ഒട്ടേറെ ചർച്ചകൾക്ക് മ്യൂസിക് സർക്കിൾ ഗ്രൂപ്പ് വേദിയായിട്ടുണ്ട്. പാട്ടിന്റെ പുറകിലുണ്ടായ രസകരമായ ചില കഥകളും ഗ്രൂപ്പിൽ വന്നിട്ടുണ്ട്. ഒപ്പം തന്നെ റെക്കോർഡിങ് രീതികൾ, മ്യൂസിക് പ്രൊഡക്ഷനിൽ നൂതന സാങ്കേതിക വിദ്യകളുടെ സാന്നിധ്യത്തെ കുറിച്ചും നിരവധി ചർച്ചകൾ ഉയർന്നു വരാറുണ്ട്. ഒട്ടേറെ പുതിയ കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ പങ്കുവെക്കാനുള്ള വേദിയായും മ്യൂസിക് സർക്കിളിന് മാറാൻ കഴിഞ്ഞു.

മനോഹരവും വ്യത്യസ്തവുമായ പല പെർഫോമൻസുകളും ഗ്രൂപ്പിന് പുറത്തും വൈറലാകാൻ സാധിച്ചിട്ടുണ്ട്. ഈ അടുത്ത് ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ ഷെയർ ചെയ്ത ആര്യ ദയാലിന്റെ വൈറൽ വീഡിയോ മ്യൂസിക് സർക്കിളിൽ പോസ്റ്റ് ചെയ്തതായിരുന്നു. കോവിഡ് ലോക് ഡൗൺ കാലത്ത് ഹരീഷ് ശിവരാമകൃഷ്ണൻ, ഗോവിന്ദ് വസന്ത, മിൻമിനി, ഇഷാൻ ദേവ്, റാസാ ബീഗം തുടങ്ങി പ്രശസ്തരുടെ ഫേസ്ബുക് ലൈവ് പെർഫോമൻസുകൾ മ്യൂസിക് സർക്കിൾ ഒരുക്കിയിരുന്നു. ഒരു വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ സോഷ്യൽ മീഡിയക്ക് പുറത്തും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കണം എന്നാണ് ഇവരുടെ ആഗ്രഹം.

Exit mobile version