“കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്”: പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് പ്രമേയം പാസാക്കി

മലപ്പുറം: അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജക്ക് ആശംസ നേര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് പ്രമേയം പാസാക്കി. അടിയന്തര നേതൃയോഗം ചേര്‍ന്നാണ് പ്രമേയം പാസാക്കിയത്. രാമക്ഷേത്രത്തിനുള്ള ആശംസ അനവസരത്തിലാണെന്നും പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയോട് ശക്തമായി എതിര്‍ക്കുന്നുവെന്നും പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാകട്ടെ എന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ആശംസിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ ആശംസ. ധൈര്യവും ത്യാഗവും ലാളിത്യവും പ്രതിബദ്ധതയുമാണ് രാമന്‍. രാമന്‍ എല്ലാവര്‍ക്കുമൊപ്പമുണ്ട്. എവിടെയുമുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

അതിനിടെ ശ്രീരാമന്‍ മാനവികതയുടെ മൂര്‍ത്തിഭാവമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. അയോധ്യയില്‍ രാമ ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഭൂമി പൂജയ്ക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ഇക്കാര്യം പറഞ്ഞത്. ശ്രീരാമന്‍ സ്നേഹമാണെന്നും വെറുപ്പില്‍ പ്രകടമാകില്ലെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. മര്യാദാപുരുഷോത്തമനായ ശ്രീരാമന്‍ മനുഷ്യനന്മയുടെ മൂര്‍ത്തീരൂപമാണ്. നമ്മുടെ മനസ്സിലെ മനുഷ്യത്വത്തിന്റെ ആന്തരിക സത്തയാണ് അതെന്നും രാഹുല്‍ പറഞ്ഞു.

രാമന്‍ കരുണയാണ്. ക്രൂരതയില്‍ പ്രകടമാകില്ല. രാമന്‍ നീതിയാണ്, അനീതിയില്‍ പ്രകടമാകില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. അയോധ്യയിലെ രാമജന്മഭൂമിയില്‍ പുതിയ രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി ശിലയിട്ടു. വെള്ളി ശില സ്ഥാപിച്ചാണ് ക്ഷേത്രനിര്‍മ്മാണത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിന് ഉപയോഗിച്ചത്. ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ദ് നൃത്യ ഗോപാല്‍ ദാസ് സംഭാവനചെയ്ത ഈ കട്ടി ചടങ്ങിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്കു മാറ്റും.

Exit mobile version