മുക്കത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ഗര്‍ഭിണിക്ക് കൊവിഡ്; ഏഴ് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുമരിച്ചു, രോഗ ഉറവിടം വ്യക്തമല്ല

മുക്കം: മുക്കത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ഗര്‍ഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഗസ്ത്യന്‍ മുഴി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ 34 കാരിയായ ഗര്‍ഭിണിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ഏഴ് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചു.

ഇന്നലെ അര്‍ധരാത്രിയോടെയാണ് മുക്കം മാങ്ങാപ്പൊയില്‍ സ്വദേശിനി ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയോടെയാണ് ഏഴ് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചത്. ഇതേ തുടര്‍ന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം വീട്ടില്‍ വിശ്രമത്തിലായിരുന്ന ഇവര്‍ രണ്ടാഴ്ച മുമ്പ് മാത്രമാണ് ചികിത്സാവശ്യാര്‍ഥം പുറത്തേക്കിറങ്ങിയത്. വേറെ യാതൊരു യാത്രാ പശ്ചാത്തലവും ഇവര്‍ക്കില്ല. എന്നാല്‍ യുവതിക്ക് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായത് എന്ന് വ്യക്തമല്ല. ഇതേ തുടര്‍ന്ന് ഇവരുടെ വീട്ടുകാരോടും അയല്‍ക്കാരോടും നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.

മലഞ്ചരക്ക് കച്ചവടക്കാരനായ ഇവരുടെ ഭര്‍ത്താവ് മാത്രമാണ് വീട്ടില്‍ നിന്ന് പുറത്ത് പോവുന്നത്. ഇയാള്‍ ബലിപെരുന്നാള്‍ ദിനത്തില്‍ അടുത്തുള്ള പള്ളിയില്‍ പോയിട്ടുള്ളതിനാല്‍ പള്ളി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതായി മുക്കം നഗരസഭാ സെക്രട്ടറി അറിയിച്ചു. ഇതിനു പുറമെ യുവതി ചികിത്സയ്ക്കെത്തിയ സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്ന ജീവനക്കാരോടും നീരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version