ജിനില്‍ മാത്യുവിന്റെ കരുതല്‍ വെറുതേയായില്ല; പാമ്പ് കടിയേറ്റതില്‍ നിന്നും കൊവിഡില്‍ നിന്നും മുക്തി നേടി ഒന്നരവയസുകാരി ആശുപത്രി വിട്ടു, നന്ദി പറഞ്ഞ് കുടുംബം

കണ്ണൂര്‍: വീട്ടില്‍ ക്വാറന്റൈനിലിരിക്കെ പാമ്പിന്റെ കടിയേറ്റ ഒന്നരവയസുകാരി കൊവിഡ് മുക്തി നേടി ആശുപത്രി വിട്ടു. പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ കുഞ്ഞിന് കൊവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 11 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയായി ആശുപത്രി വിട്ടത്.

ജൂലായ് 21-ന് അര്‍ധരാത്രിയിലാണ് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കുഞ്ഞിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ബിഹാറില്‍ അധ്യാപകരായ ദമ്പതിമാരും മക്കളും പാണത്തൂര്‍ വട്ടക്കയത്തെ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ജനാല തുറക്കവേയാണ് ബാലികയുടെ കൈവിരലില്‍ അണലിയുടെ കടിയേറ്റത്.

സഹായത്തിന് ചെല്ലാന്‍ കൊവിഡ് ഭീതി മൂലം നാട്ടുകാര്‍ മാറിനിന്നപ്പോള്‍ തെല്ലും ഭയമില്ലാതെ ഓടിയെത്തിയത് സിപിഎം നേതാവും പൊതുപ്രവര്‍ത്തകനുമായ ജിനില്‍ മാത്യുവാണ്. ക്വാറന്റൈീനില്‍ കഴിയവേ പാമ്പ് കടിയേറ്റതിനാല്‍ മറ്റാരും സഹായിക്കാനുണ്ടാകില്ലെന്ന് കരുതിയ കുട്ടിയുടെ അമ്മയുടെ കരച്ചില്‍ കേട്ടെത്തിയ ജിനില്‍ സധൈര്യം കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഈ കരുതലാണ് കുട്ടിക്ക് പുന്‍ജന്മം നല്‍കിയത്. ചികിത്സയ്ക്കിടെ നടത്തിയ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ആശുപത്രിയിലെ പരിശോധനയില്‍ കുഞ്ഞിന് കൊവിഡ് പോസിറ്റീവായതോടെ ജിനിലിനെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ ജിനിലിന്റെ ഫലം നെഗറ്റീവായിരുന്നു. ശിശുരോഗവിഭാഗം മേധാവി ഡോ. എംടിപി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് കുഞ്ഞിനെ ചികിത്സിച്ചത്. കുഞ്ഞ് ക്വാറന്റീനിലായിരുന്നത് നോക്കാതെ പരമാവധി വേഗത്തില്‍ ആശുപത്രിയിലെത്തിച്ച ജിനില്‍ മാത്യുവിന്റെ സാഹസികത അവളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Exit mobile version