തക്കാളി, പയര്‍, വെണ്ട, പച്ചമുളക്; വീട്ടിലെ ടെറസില്‍ വിളഞ്ഞത് ഒരു കുടുംബത്തിന് ആവശ്യമുള്ളതിലുമധികം പച്ചക്കറികള്‍, വിഷരഹിത പച്ചക്കറികള്‍ വേണമെങ്കില്‍ മാതൃകയാക്കാം

അടൂര്: വിഷരഹിതമായ പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഏക്കറുകണക്കിന് സ്ഥലം വേണ്ട മറിച്ച് വീടിന്റെ ടെറസുതന്നെ ധാരാളമാണെന്ന് തെളിയിക്കുകയാണ് പെരിങ്ങാട് സ്വദേശിനിയായ സുമ നരേന്ദ്ര. വെണ്ട, ഇഞ്ചി, പയര്‍, തക്കാളി, മഞ്ഞള്‍ തുടങ്ങി നിരവധി പച്ചക്കറികളാണ് സുമ വീടിന്റെ ടെറസില്‍ കൃഷി ചെയ്തുണ്ടാക്കിയത്.

സുമയ്ക്ക് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് സുമേഷ് കുമാറും, മക്കള്‍ ഗൗതം കൃഷ്ണയും , രഞ്ജിനി കൃഷ്ണയും കൂടെത്തന്നെയുണ്ട്. 2005 ല്‍ 25 ഗ്രോ ബാഗുകളുമായി വീട്ടില്‍ ചെറിയ രീതിയില്‍ കൃഷി തുടങ്ങിയ ആളാണ് സുമ. തക്കാളിയും പച്ചമുളകും മറ്റുമായി ആരംഭിച്ച കൃഷി ഇന്ന് അഞ്ഞൂറോളം ഗ്രോ ബാഗുകളില് പടര്‍ന്നു പന്തലിച്ചു കഴിഞ്ഞു.

ഭരതനാട്യം നര്‍ത്തകി കൂടിയായ സുമ അടൂരില്‍ സ്വന്തമായി വീട് വച്ച ശേഷമാണു നൃത്തത്തിനൊപ്പം കൃഷിയിലും ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങിയത്. കോണ്‍ക്രീറ്റ് പൈപ്പുകളില്‍ ഗ്രോ ബാഗ് ഘടിപ്പിച്ചാണ് കൃഷി ചെയ്യുന്നത്. drip irrigation system വഴിയാണ് ജലസേചനം.

കൃഷി ഭവനില്‍ നിന്നും ലഭിക്കുന്ന സ്റ്റിക്കി നെറ്റുകള്‍ കൊണ്ട് വളര്‍ച്ച എത്തിയ ചെടികള്‍ മൂടും. ഇത് കീടങ്ങള്‍ ചെടികള്‍ക്ക് ഉപദ്രവം ഉണ്ടാക്കാതെ നോക്കും. അടുക്കളയില്‍ നിന്നുള്ള ബയോ വേസ്റ്റ് ആണ് കൃഷിക്ക് വളമായി ഉപയോഗിക്കുന്നത്. 10 സെന്റ് വസ്തുവില്‍ അഞ്ഞൂറില്‍ അധികം പച്ചകറികള്‍ കൃഷി ചെയ്യുക എന്നത് പലര്‍ക്കും അത്ഭുതമാണ് എന്ന് സുമ പറയുന്നു.

ഈ ലോക് ഡൗണ്‍ കാലത്ത് കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ട പച്ചകറി സ്വയം ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്നു എന്നതില്‍ തനിക്ക് അഭിമാനമുണ്ട് എന്നും സുമ കൂട്ടിച്ചേര്‍ത്തു. വിഷരഹിതമായ പച്ചകറികള്‍ , പഴങ്ങള്‍ എന്നിവ സ്വന്തം വീട്ടില്‍ തന്നെ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്നത് വലിയ കാര്യം തന്നെയാണെന്ന് സുമയും സുരേഷും പറയുന്നു. കേരള സര്‍ക്കാരിന്റെ മികച്ച ടെറസ് ഫാര്‍മര്‍ അവാര്‍ഡും സുമ കരസ്ഥമാക്കിയിട്ടുണ്ട്.

Exit mobile version