കോവിഡ് രോഗികളുമായി സമ്പര്‍ക്കം, പൊന്നാനിയില്‍ എട്ടംഗങ്ങളുള്ള കുടുംബം മൂന്നാംതവണയും ക്വാറന്റീനില്‍

പൊന്നാനി: മൂന്നാംതവണയും ക്വാറന്റീനില്‍ പ്രവേശിച്ച് ഒരു കുടുംബം. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് സംഭവം. ഈശ്വരമംഗലത്ത് ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിക്കുന്ന എട്ടംഗങ്ങളുള്ള കുടുംബമാണ് മൂന്ന് തവണ ക്വാറന്റീനില്‍ കഴിയേണ്ടി വന്നത്.

എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ആശുപത്രിയിലെത്തിയവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനാലാണ് കുടുംബം ആദ്യം ക്വാറൈന്റനില്‍ കഴിയേണ്ടി വന്നത്.അതിന് ശേഷം നഗരസഭയില്‍ നടന്ന പരിശോധനയില്‍ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വീണ്ടും ക്വാറന്റൈനിലായി.

ഈശ്വരമംഗലത്തുള്ള ബന്ധുവിനാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഏറ്റവുമൊടുവില്‍ കൊവിഡ് മുക്തനായി വീട്ടിലെത്തിയ ബന്ധുവിന്റെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാം തവണയും ഈ കുടുംബം ക്വാറൈന്റനില്‍ കഴിയേണ്ട അവസ്ഥയിലായി.

മഞ്ചേരിയിലെ ചികിത്സയ്ക്കു ശേഷം കോവിഡ് മുക്തനായി വീട്ടിലെത്തി രണ്ട് ദിവസം കഴിഞ്ഞാണ് ഇയാളുടെ ഭാര്യയുടെ കോവിഡ് പരിശോധനാ ഫലം വരുന്നത്. കൊവിഡ് പോസിറ്റീവായതിനാല്‍ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

ഇതോടെ ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ബന്ധുക്കളെല്ലാം ക്വാറൈന്റനില്‍ പോകേണ്ടി വരികയായിരുന്നു. മൂന്നാംതവണയും ക്വാറന്റീനില്‍ കഴിയേണ്ടി വന്ന കുടുംബത്തിന് നഗരസഭയിലെ പത്താം വാര്‍ഡ് വൊളന്റിയര്‍മാരാണ് ആവശ്യമായ സാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കുന്നത്.

Exit mobile version