വയനാട്ടില്‍ ആശങ്കയേറുന്നു; വാളാട് ആദിവാസി കോളനിയിലും കൊവിഡ് സ്ഥിരീകരിച്ചു

വാളാട്: വയനാട് വാളാട് ആദിവാസി കോളനിയിലും കൊവിഡ് സ്ഥിരീകരിച്ചു. ആദിവാസി വിഭാഗത്തില്‍ പെടുന്ന രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് തവിഞ്ഞാല്‍ വാളാട് മുഴുവന്‍ ആദിവാസി കോളനികളിലും ആന്റിജന്‍ പരിശോധന ആരംഭിച്ചു.

സമ്പര്‍ക്കത്തിലൂടെ 150 ല്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച വാളാട് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ആദിവാസി കോളനികളിലുള്ളവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. വാളമടക്ക്, കോളിച്ചാല്‍ എന്നീ കോളനികളില്‍ ഉള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇവരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നവരുടെ ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച വാളാട് സ്വദേശികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വാളാട് ആകെ പന്ത്രണ്ട് കോളനികളാണ് ഉള്ളത്. ഇതുവരെ 1675 പേരെയാണ് രോഗവ്യാപനമുണ്ടായ മേഖലകളില്‍ പരിശോധിച്ചത്. മരണാനന്തര ചടങ്ങിലും വിവാഹത്തിലും പങ്കെടുത്തവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ലാര്‍ജര്‍ ക്‌ളസ്റ്ററായി മാറിയ ഇവിടെ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധയുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ നിഗമനം.

Exit mobile version