തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ ചുമട്ടുതൊഴിലാളി അടക്കം എട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ആന്റിജന്‍ പരിശോധനയില്‍

തൃശൂര്‍: തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ ചുമട്ടുതൊഴിലാളി അടക്കം എട്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തേ ഇവിടെ രണ്ട് ചുമട്ടുതൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പച്ചക്കറി മാര്‍ക്കറ്റ് അടച്ചിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ചുമട്ടുതൊഴിലാളി അടക്കം എട്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥീകരിച്ചവരില്‍ ഒരാള്‍ ചുമട്ടുതൊഴിലാളിയും മറ്റൊരാള്‍ കൂള്‍ബാര്‍ നടത്തുന്നയാളുമാണ്. മറ്റു ആറുപേര്‍ വിവിധ കടകളിലെ തൊഴിലാളികളുമാണ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം ജില്ലയിലെ ക്ലസ്റ്ററുകളില്‍ വൈറസ് വ്യാപനം തുടരുകയാണ്. പട്ടാമ്പി ക്ലസ്റ്ററില്‍ നിന്ന് രണ്ട് വയസ്സുള്ള പോര്‍ക്കുളം സ്വദേശിയായ കുട്ടിയുള്‍പ്പെടെ പതിനഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കെഎസ്ഇ ക്ലസ്റ്ററില്‍ പന്ത്രണ്ട് പേര്‍ക്കും കെഎല്‍എഫ് ക്ലസ്റ്ററില്‍ ഏഴ് പേര്‍ക്കും ചാലക്കുടി ക്ലസ്റ്ററില്‍ അഞ്ച് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 83 പേരില്‍ 61 പേര്‍ക്കും വൈറസ് ബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്.

Exit mobile version