ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; എറണാകുളം കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസ് താല്‍ക്കാലികമായി അടച്ചു

കൊച്ചി: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളം കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസ് താല്‍ക്കാലികമായി അടച്ചു. മോട്ടോര്‍ വാഹനവകുപ്പില്‍ അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ഇദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ആലുവ സബ്ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്കും തടവുകാരനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സബ് ജയില്‍ അടച്ചിട്ടിരിക്കുകയാണ്. പറവൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥനും കൊല്ലം സ്വദേശിയായ റിമാന്‍ഡ് പ്രതിക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആലുവയില്‍ തന്നെ ഫയര്‍മാന് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ ഫയര്‍ സ്റ്റേഷനും അടച്ചിട്ടുണ്ട്.

അതേസമയം ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച 1541 പേരില്‍ 1097 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്നതും ജില്ലയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

Exit mobile version