ആശങ്കയുടെ മുള്‍മുനയില്‍ പരിയാരം മെഡിക്കല്‍ കോളേജ്; എട്ട് രോഗികള്‍ ഉള്‍പ്പടെ പതിനൊന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: ജില്ലയെ ആശങ്കയിലാഴ്ത്തി പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് വ്യാപനം തുടരുകയാണ്. ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ എട്ട് രോഗികള്‍ക്ക് ഉള്‍പ്പടെ പതിനൊന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ചികിത്സക്കെത്തിയവരുടെ കൂട്ടിരിപ്പുകാരാണ്.

റാപ്പിഡ് പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജനറല്‍ ഒപി, സമ്പര്‍ക്കം ഉണ്ടായ വാര്‍ഡുകള്‍, ഓപ്പറേഷന്‍ തീയേറ്ററുകള്‍, ഐസിയു തുടങ്ങി അണുബാധ ഏല്‍ക്കാന്‍ സാധ്യതയുള്ള മേഖലകള്‍ 30 വരെ അടച്ചിടുമെന്നാണ് അധികൃതര്‍ അറിയിച്ചത്. അണുനശീകരണം നടത്തി 31 മുതല്‍ വീണ്ടും പ്രവര്‍ത്തിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയ്ത.

അതേസമയം കഴിഞ്ഞ ദിവസം മാത്രം ആശുപത്രിയിലെ ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ഒരു ഹൗസ് സര്‍ജന്‍, മൂന്ന് സ്റ്റാഫ് നേഴ്‌സുമാര്‍, രണ്ട് ഡയാലിസിസ് ടെക്‌നീഷ്യന്‍സ്, ഫാര്‍മസിസ്റ്റ് എന്നിവരുടെ സമ്പര്‍ക്കത്തില്‍ വന്ന 150 ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനിലാണ്. അതേസമയം രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം.

Exit mobile version