ഏറ്റുമാനൂര്‍ നഗരത്തില്‍ കടകള്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചു; നടപടി കൊവിഡ് സമ്പര്‍ക്കം രൂക്ഷമാവുന്നതിന്റെ അടിസ്ഥാനത്തില്‍

കോട്ടയം: ഏറ്റുമാനൂര്‍ നഗരത്തില്‍ കടകള്‍ ഒരാഴ്ചത്തേയ്ക്ക് അടയ്ക്കാന്‍ തീരുമാനം. കൊവിഡ് 19 സമ്പര്‍ക്ക വ്യാപനം രൂക്ഷമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് അടച്ചിടാന്‍ തീരുമാനം. നഗരസഭാ തീരുമാനം ജില്ലാകളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. നഗരസഭയുടെ നാലാം വാര്‍ഡ് നിലവില്‍ കണ്ടെയ്‌മെന്റ് സോണില്‍ തുടരുകയാണ്.

ഏറ്റുമാനൂര്‍ പച്ചക്കറി ചന്തയിലെ 33 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ ഏറെയും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇന്ന് പ്രദേശത്ത് 50 പേര്‍ക്കാണ് ആന്റിജന്‍ പരിശോധന നടത്തിയത്. ഇത്രയും കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടായ സാഹചര്യത്തിലാണ് പ്രദേശം ഗുരുതരാവസ്ഥയിലാണെന്നും നഗരസഭ അടച്ചിടാനും തീരുമാനം എടുത്തിരിക്കുന്നത്.

കോട്ടയം ജില്ലയില്‍ 59 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 49 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒന്‍പതു പേരും വിദേശത്തുനിന്നു വന്ന ഒരാളും രോഗബാധിതരില്‍ ഉള്‍പ്പെടുന്നുണ്ട്.

Exit mobile version