കൊവിഡ് വ്യാപനം രൂക്ഷം; ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു, ബലിപെരുന്നാളിന് പ്രത്യേക ഇളവുകളില്ല, സ്ഥിതി ആശങ്കാ ജനകം

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിന്റെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രദേശത്ത് സ്ഥിതി ആശങ്കാ ജനകമായി തുടരുന്നതിനാലാണ് നടപടിയെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പ്രതികരിച്ചു. ബലിപെരുന്നാള്‍ പ്രമാണിച്ച് യാതൊരു ഇളവുകളും പ്രദേശത്ത് ഉണ്ടാവുകയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കണ്ടൈയ്ന്‍മെന്റ് സോണുകളില്‍ കൂട്ടം ചേര്‍ന്നുള്ള ബലി പെരുന്നാള്‍ കര്‍മ്മങ്ങള്‍ ഒന്നും തന്നെ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലയില്‍ പെരുന്നാള്‍ കര്‍മ്മങ്ങള്‍ക്കായി നിര്‍ദ്ദേശങ്ങള്‍ ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്. അതനുസരിച്ച് മാത്രം ജനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

അതേസമയം ആലുവയില്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഫ്യൂ തുടരും. എറണാകുളം ജില്ലയില്‍ നാല്‍പ്പത് ശതമാനം കൊവിഡ് ബാധിതര്‍ക്കും ലക്ഷണങ്ങള്‍ ഇല്ല. ഇത് ആശങ്ക കൂടുതല്‍ വര്‍ധിപ്പിക്കുന്നുവെന്നും മന്ത്രി പറയുന്നു.

Exit mobile version