19 വയസ് മുതൽ കഷ്ടപ്പെട്ടുണ്ടാക്കിയ ഉന്നതി നശിപ്പിക്കുന്നു; ജീവിതം തകർത്തവരെ വെറുതെ വിടില്ല; പോക്‌സോ കേസിനെതിരെ റോയി വയലാട്ടിന്റെ കൂട്ടുകാരി അഞ്ജലി

കോഴിക്കോട്: മോഡലുകളുടെ അപകട മരണത്തോടെ വിവാദത്തിലായ ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18’ ഹോട്ടൽ ഉടമ റോയ് വയലാട്ടിലിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ. റോയി വയലാട്ട് ഹോട്ടലിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിന് വയലാട്ടിന്റെ കൂട്ടുകാരിയും കോഴിക്കോട് സ്വദേശിയുമായ അഞ്ജലി റീമദേവ് കൂട്ടിനിന്നെന്നും പരാതിയിൽ പറയുന്നു.

മോഡലുകളുടെ അപകട മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് പീഡന കേസും അന്വേഷിക്കുക. കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നൽകിയ പരാതിയിലാണ് ഫോർട്ട് കൊച്ചി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിക്കാരുടെ മൊഴി ഉടൻ രേഖപ്പെടുത്തും. 2021 ഒക്ടോബറിൽ ഹോട്ടലിൽവെച്ച് റോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പെൺകുട്ടിയുടെയും അമ്മയുടേയും പരാതി. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തി. പോലീസിൽ പരാതി നൽകിയാൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.

കേസിൽ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനും പ്രതിയാണ്. കേസെടുത്ത സാഹചര്യത്തിൽ പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നവംബർ ഒന്നിന് രാത്രി പാലാരിവട്ടം ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ മോഡലുകൾ മരിച്ച കേസിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.

അതേസമയം, റോയി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ഉയർന്നതിന് പിന്നാലെ പ്രതികരണവുമായി അഞ്ജലി റീമദേവ് രംഗത്തെത്തി. സത്യം കാലം തെളിയിക്കുമെന്ന് അഞ്ജലി ഫേസ്ബുക്കിലൂടെ പറഞ്ഞു. തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾ തെറ്റാണെന്നും തന്നെ നശിപ്പിക്കാൻ ചിലർ നടത്തുന്ന പ്രചാരണങ്ങളാണിതെന്നും അഞ്ജലി ആരോപിക്കുന്നു.

ആരോപണങ്ങളെല്ലാം സ്വയം രക്ഷപ്പെടാനുള്ള പരാതിക്കാരിയുടെ തന്ത്രമാണ്. മനസിൽ പോലും ചിന്തിക്കാത്ത കുറ്റങ്ങളാണ് ആരോപിക്കുന്നത്. ആരോപണങ്ങളെല്ലാം വ്യാജമാണ്. 19 വയസ് മുതൽ കഷ്ടപ്പെട്ട് താൻ നേടിയ ഉന്നതിയാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയത്. പലർക്കും താൻ പണം കൊടുക്കാനുണ്ട്. അതിന് കണക്കുണ്ട്. ബിസിനസ് ശക്തിപ്പെടുത്താൻ പണം കടം വാങ്ങിയിട്ടുണ്ട്. താൻ മോശം രീതിയിലേക്ക് കൊണ്ടുപോയെന്ന് തന്റെ ഓഫീസിലെ ഒരു ജീവനക്കാരിയും പറയില്ല. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. – അഞ്ജലി ആരോപിച്ചു.

ALSO READ- സമ്പന്നരുടെ വീട്ടിൽ മോഷണം നടത്തി പള്ളികളിലെ യാചകർക്ക് സംഭാവന നൽകും; സദാ ബൈബിളുമായി കറക്കം; ഇന്ത്യൻ ‘റോബിൻ ഹുഡ്’ പോലീസ് പിടിയിലായി

മയക്കുമരുന്ന് ഡീലർ, ഹണിട്രാപ്പ്, കള്ളപ്പണം, പണം തട്ടിപ്പ് അടക്കമുള്ള ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കുന്നത്. ഇതെല്ലാം ആരാണ് ചെയ്യുന്നതെന്ന് അറിയാം. ഇക്കാര്യങ്ങൾ പുറത്തു പറയാതിരിക്കാനാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത്. തൻറെ ജീവിതം തകർത്ത ആരെയും വെറുതെ വിടില്ല. അവരുടെ യഥാർഥ മുഖം പുറത്തു കൊണ്ടുവരുമെന്നും അഞ്ജലി പറയുന്നു.

Exit mobile version