കുഞ്ഞിനെ പൊന്നുപോലെ നോക്കാമെന്ന് ഭര്‍ത്താവ് ധൈര്യം തന്നു, അങ്ങനെ പ്രസവിച്ച് മൂന്നാംമാസം എസ്‌ഐ പരിശീലനത്തിനായി വീടുവിട്ടിറങ്ങി, ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയുമായി യൂണിഫോമിലേക്ക്; പെണ്‍കരുത്തായി മാറിയ സരിത പറയുന്നു

തൃശ്ശൂര്‍: പ്രസവം കഴിഞ്ഞ് മൂന്നാംമാസമാണ് എസ്‌ഐ പരിശീലനത്തിനായി തൃശൂരുള്ള പൊലീസ് അക്കാദമിയിലേക്ക് സരിത എത്തുന്നത്. ട്രെയിനിങ് കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ് തിരിച്ച് മടങ്ങുമ്പോള്‍ പരിശ്രമിച്ച് നേടിയ കാക്കിയോടൊപ്പം മികച്ച ഉദ്യോഗസ്ഥയ്ക്കുള്ള ചീഫ്മിനിസ്‌ട്രേഴ്‌സ് ട്രോഫിയും സരിതയുടെ കൈകളിലുണ്ട്.

അച്ഛന്റെയും അമ്മയുടേയും വലിയ ആഗ്രഹമായിരുന്നു താന്‍ ഒരു എസ്‌ഐ ആകണമെന്ന്. ഞാനോ ചേച്ചിയോ കാക്കിയണിഞ്ഞ് കാണാണമെന്ന് അപ്പ എപ്പോഴും പറയും എന്ന് സരിത പറയുന്നു. പട്ടാളക്കാരനാകണമെന്നായിരുന്നു അപ്പായുടെ ആഗ്രഹം. എന്നാല്‍ അത് അദ്ദേഹത്തിന് സാധിച്ചില്ല. തന്റെ സ്വപ്നം മക്കളിലൂടെ സഫലമായി കാണാന്‍ അദ്ദേഹം ഒരുപാട് ആഗ്രഹിച്ചുവെന്നും സരിത കൂട്ടിച്ചേര്‍ത്തു.

അപ്പായേ പോല തന്നെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ബിനുവേട്ടനും വലിയ പിന്തുണയാണ് നല്‍കിയത്. സിവില്‍ പൊലീസില്‍ ജോലി ലഭിച്ചപ്പോള്‍ അപ്പയാണ് ഇതുപോര നീ എസ്.ഐ ആകണം എന്ന് പറഞ്ഞ് പ്രോത്സാഹിച്ചത്. ബിനുവേട്ടനും കട്ടയ്ക്ക് ഒപ്പം നിന്നുവെന്ന് സരിത ഒരു മാധ്യമത്തോടായി പറഞ്ഞു.

റാങ്ക് പട്ടികയുടെ കാലതാമസം കാരണം ആദ്യത്തെ തവണ ജോലിക്കുള്ള അഡൈ്വസ് എത്തുമ്പോഴേക്കും ഞാന്‍ ഗര്‍ഭിണിയായി. ആ തവണ മോഹം ഉപേക്ഷിച്ചു. രണ്ടാംതവണ എത്തിയതാകട്ടെ പ്രസവിച്ചതിന്റെ മൂന്നാംമാസവും. കുഞ്ഞിനെയിട്ടിട്ട് ട്രെയിനിങ്ങിന് പോകണോയെന്ന് വരെ സംശയിച്ചതാണ്.

തലയുറയ്ക്കാത്ത കുഞ്ഞാണ് അവനെ ഇട്ടിട്ട് എനിക്ക് എങ്ങനെ പോകാനാകുമെന്ന ആശങ്ക വാനോളമുണ്ടായിരുന്നു. എന്നാല്‍ കുടുംബം എനിക്കൊപ്പം നിന്നു. ഭര്‍ത്താവിന്റെ അമ്മയും എന്റെ അമ്മയും ഞങ്ങളുടെ അയല്‍വാസിയായ ഒരു ചേച്ചിയും കുഞ്ഞിനെ നോക്കിക്കോളാമെന്ന് വാക്ക് തന്നു.

ഞാന്‍ പോയാലും കുഞ്ഞിനെ പൊന്നുപോലെ നോക്കാമെന്ന് ബിനുവേട്ടനും ധൈര്യം തന്നതോടെ പരിശീലനത്തിന് പോകാന്‍ തന്നെ തീരുമാനിച്ചു. പ്രസവശേഷമുള്ള ട്രെയിനിങ് ഭയങ്കര ബുദ്ധിമുട്ടിച്ചു. ആദ്യത്തെ ഒരു മൂന്നു നാലു മാസം നടുവേദനയും കാലുവേദനയുമൊക്കെ അലട്ടിയിരുന്നുവെന്ന് സരിത പറയുന്നു.

പിന്നീട് ഇതെല്ലാം ശീലമായി തുടങ്ങി. വേദനകളുമായി ശരീരം പതുക്കെ ഇണങ്ങി. എന്നാല്‍ അപ്പോഴും മായാത്ത വേദനയായി എന്റെ വാവയുടെ മുഖം മനസിനെ അലട്ടിയിരുന്നു. കുഞ്ഞിനെ കാണാന്‍ സാധിക്കുന്നില്ലെന്ന സങ്കടം ആവോളമുണ്ടായിരുന്നു. എങ്കിലും ഞാന്‍ ഏറെ ഇഷ്ടപ്പെട്ട് സ്വീകരിച്ച ജോലിയോട് ആത്മാര്‍ഥത കാണിക്കേണ്ടത് എന്റെ കടമയായിരുന്നു. കരളുറപ്പിന്റെ ബലത്തിലാണ് പരിശീലനം പൂര്‍ത്തിയാക്കിയതെന്ന് സരിത കൂട്ടിച്ചേര്‍ത്തു.

സുഹൃത്തുക്കളുമായി കറങ്ങി നടക്കാറുള്ള ബിനുവേട്ടന്‍ അതെല്ലാം ഉപേക്ഷിച്ച് വാവയുടെ അടുത്ത് തന്നെയായി. കുഞ്ഞിനെ പൊന്നുപോലെ നോക്കിക്കോളാമെന്ന് തന്ന വാക്ക് അദ്ദേഹം പാലിച്ചു. ആഗ്രഹങ്ങള്‍ക്കൊപ്പം നിന്ന കുടുംബമാണ് എന്റെ വിജയത്തിന് പിന്നില്‍. അവരില്ലായിരുന്നെങ്കില്‍ ഈ അഭിമാനനേട്ടം എനിക്ക് ഒരിക്കലും സ്വന്തമാകില്ലായിരുന്നുവെന്ന് സരിത വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്നും ഞാന്‍ ട്രോഫിയും മെഡലും വാങ്ങുന്നത് കാണാന്‍ അപ്പയും അമ്മയും ബിനുവേട്ടനും വാവയുമൊക്കെ ഉണ്ടാകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ഉള്ളതു കൊണ്ട് ആര്‍ക്കും പാസിങ് ഔട്ട് ചടങ്ങ് നേരില്‍ കാണാന്‍ കഴിഞ്ഞില്ല എന്നൊരു ചെറിയ വിഷമമുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ആണ് സലൂട്ട് സ്വീകരിച്ചത്. ചീഫ് മിനിസ്റ്ററുടെ ട്രോഫിയോടൊപ്പം കിട്ടിയ മൂന്ന് മെഡലുകള്‍ എന്റെ ജീവിതത്തിലെ മൂന്നുപേര്‍ക്കും കൂടി അവകാശപ്പെട്ടതാണ്- ഒന്ന് എന്റെ അപ്പയ്ക്ക്, ഒന്ന് ബിനുവേട്ടന്‍, ഒരെണ്ണം എന്റെ വാവയക്ക് എന്ന് സരിത പറയുന്നു. കോഴിക്കോട് ജില്ലയിലാണ് സരിതയ്ക്ക് പോസ്റ്റിങ്ങ്.

Exit mobile version