ഇറച്ചിയും മീനുമില്ല; യുവാവ് പാലക്കാട്ടെ കൊവിഡ് സെന്ററിൽ നിന്നും വീട്ടിലെത്തി; നാടാകെ കറങ്ങി നടക്കലും

പാലക്കാട്: കൊവിഡ് സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവ് ഇറച്ചിയും മീനും ഭക്ഷണത്തോടൊപ്പമില്ലെന്ന് പറഞ്ഞ് അധികൃതരുടെ കണ്ണുവെട്ടിച്ച് വീട്ടിലെത്തി. വീട്ടുകാർ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് തിരിച്ചുപോകാൻ ആവശ്യപ്പെട്ടപ്പോൾ വീടിനു നേരെ കല്ലെറിഞ്ഞ് ആക്രമണവും നടത്തി യുവാവ് നാട്ടുകാരേയും ഭീതിയിലാഴ്ത്തി. പാലക്കാടാണ് സംഭവം. ഒടുവിൽ വീട്ടിൽ കയറ്റില്ലെന്ന് ബോധ്യമായതോടെ പകൽ മുഴുവൻ നാട്ടിലാകെ കറങ്ങി നടന്ന് കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

കൊവിഡ് കേന്ദ്രമായ ജില്ലാ ആശുപത്രിയിൽനിന്നു മുങ്ങിയ നാൽപത്തിരണ്ടുകാരൻ പാലക്കാട്ടുനിന്ന് ഓട്ടോറിക്ഷയിൽ രാത്രി ക്വാറന്റൈൻ കേന്ദ്രത്തിലേക്കു തിരിച്ചെത്തുകയായിരുന്നു. ക്വാറന്റൈൻ ലംഘനത്തിനു പോലീസ് കേസെടുത്തിട്ടുണ്ട്. യുവാവിനെ കോവിഡ് പരിശോധനയ്ക്കു വിധേയനാക്കിയിട്ടില്ല. എന്നാൽ, യുവാവ് കഴിയുന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ പോലീസ് കാവൽ ഏർപ്പെടുത്തി.

ഇയാൾ കൊവിഡ് സെന്ററിൽ നിന്നും ഇറങ്ങിപ്പോയതറിഞ്ഞ പഞ്ചായത്ത് അധികൃതരും പോലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് പ്രശ്‌നത്തിൽ ഇടപെടുകയും യുവാവിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീടു ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 18നു സൗദിയിൽ നിന്നെത്തിയതാണ് ഇയാൾ. ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിൽ ഇയാളെ ഉൾപ്പെടുത്താനായിട്ടില്ല. വൈകാതെ സ്രവ സാംപിൾ ശേഖരിച്ചു പിസിആർ ടെസ്റ്റ് തന്നെ ചെയ്യുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Exit mobile version