‘നികമ്മ ധോഖേബാസ്’ വിളി കേൾക്കൽ വിദൂരമല്ലെന്ന് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളെ ഓർമ്മിപ്പിച്ച് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിട്ട സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസ്. ബിജെപിയുടെ ഏജന്റ് പണിയെടുക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ‘ഒന്നിനും കൊള്ളാത്തവന്‍’ എന്നും ‘വഞ്ചകന്‍’ എന്നും പ്രവര്‍ത്തകരാല്‍ അഭിസംബോധന ചെയ്യപ്പെടുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ഗാന്ധി, ജോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് യുവത്രയങ്ങളാണ് ഇന്ത്യയുടെ ഭാവി എന്നായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ അതില്‍ രണ്ട് പേര്‍ കോണ്‍ഗ്രസ് കൂടാരം വിട്ടിരിക്കുന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപി ആയതില്‍ സന്തോഷിക്കുകയല്ല ഞങ്ങള്‍, മറിച്ച് മാറാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസിനെ ആലോചിച്ച് സഹതപിക്കുക മാത്രമാണ് ഞങ്ങള്‍ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.

ഇവിടെ കേരളത്തില്‍,ചില കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പി.യുമായി കൈകോര്‍ത്ത് ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണല്ലോ. ഈ കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കേരളത്തിലെ സുപ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിട്ടുണ്ടോ എന്നും കോവിഡ് ദുരിതകാലത്ത് കേരളത്തിന് അര്‍ഹമായ സാമ്പത്തിക സഹായം നിഷേധിച്ചപ്പോള്‍ ആഹ്ലാദനൃത്തം ചവിട്ടിയവരല്ലേ കോണ്‍ഗ്രസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version