ഫാദര്‍ ആയാലും മൗലവിയായാലും ആചാര്യനായാലും ശരി, തെറ്റു ചെയ്താല്‍ ശിക്ഷിക്കപ്പെടണം; യുവ അധ്യാപികയുടെ കുറിപ്പ് ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

കൊച്ചി: സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് യുവ അധ്യാപിക. ഒരു കുഞ്ഞിന് പോലും നീതി ലഭിക്കാത്ത നാട്ടില്‍,കൊറോണയൊക്കെയെന്ത് എന്ന് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ അനുജ ജോസഫ് പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അനുജയുടെ പ്രതികരണം.

തമ്മില്‍ത്തല്ലി മത്സരിക്കുന്ന രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരില്‍ ഏറെയും മൗനമാകുന്ന കാഴ്ച വേദനാജനകം. ഫാദര്‍ ആയാലും മൗലവിയായാലും ആചാര്യ നായാലും തെറ്റു ചെയ്താല്‍ ശിക്ഷിക്കപ്പെടണം. ഇരക്കു നീതി ലഭിക്കുന്നതിനേക്കാളും കരുതല്‍ പ്രതിയാക്കപ്പെട്ടവര്‍ക്കാണെന്നതാണ് ഇവിടെ ദയനീയമെന്ന് അനുജ പറയുന്നു.

മാഷിനെ ചതിച്ചതാണ്, അല്ലെങ്കില്‍ ഫാദറും ഉസ്താദും അങ്ങനെയൊക്കെ ചെയ്യുമോ, ഏയ്യ് അവരൊന്നും അത്തരക്കാരല്ലെന്നേ എന്നു സ്ഥാപിക്കാന്‍ കാണിക്കുന്നതിന്റെ ഒരു ശതമാനം ദയ മറുവശത്തു നില്‍ക്കുന്ന ഇരയാക്കപ്പെട്ടവരോടും കാണിക്കു സമൂഹമേ എന്ന് അനൂജ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി. യുവ അധ്യാപികയുടെ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു കുഞ്ഞിന് പോലും നീതി ലഭിക്കാത്ത നാട്ടില്‍,കൊറോണയൊക്കെയെന്തു.തമ്മില്‍ത്തല്ലി മത്സരിക്കുന്ന രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരില്‍ ഏറെയും മൗനമാകുന്ന കാഴ്ച വേദനാജനകം. ഫാദര്‍ ആയാലും മൗലവിയായാലും ആചാര്യ നായാലും തെറ്റു ചെയ്താല്‍ ശിക്ഷിക്കപ്പെടണം.

ഇര ക്കു നീതി ലഭിക്കുന്നതിനേക്കാളും കരുതല്‍ പ്രതിയാക്കപ്പെട്ടവര്‍ക്കാണെന്നതാണ് ഇവിടെ ദയനീയം. മാഷിനെ ചതിച്ചതാണ്, അല്ലെങ്കില്‍ ഫാദറും ഉസ്താദും അങ്ങനെയൊക്കെ ചെയ്യുമോ, ഏയ്യ് അവരൊന്നും അത്തരക്കാരല്ലെന്നേ എന്നു സ്ഥാപിക്കാന്‍ കാണിക്കുന്നതിന്റെ ഒരു ശതമാനം ദയ മറുവശത്തു നില്‍ക്കുന്ന ഇരയാക്കപ്പെട്ടവരോടും കാണിക്കു സമൂഹമേ.

പോക്‌സോ നിയമത്തെ പോലും നിസ്സാരവല്‍ക്കരിക്കുന്ന ഈ പോക്ക് നല്ലതിനല്ല, നാളെ നമ്മുടെ തലമുറയെ കഴുകന്‍കണ്ണുകളില്‍ നിന്നു രക്ഷിക്കാന്‍ പോലുമാകാതെ നില്‍ക്കേണ്ടി വരും. പ്രതികരിക്കേണ്ടിടത്തു മൗനത്തെ പുല്‍കാണ്ടു പുറത്തു വരണം നമ്മളോരുത്തരും. അല്ലാതെ തെറ്റു ചെയ്തവര്‍ നമ്മുടെ വിശ്വാസം പിന്തുടരുന്നവനാണ്, ചിന്താഗതിക്കാരനാണെന്നൊന്നും വിചാരിച്ചു ന്യായീകരിക്കാന്‍ നില്‍ക്കരുതേ. ഏതു വിശ്വാസമായാലും ശെരി മുറിവേറ്റവന്റെ വേദന ഒന്നു തന്നെയാണ്. സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന, ഹിംസ യെ ചെറുത്തു നില്‍ക്കാന്‍ പഠിപ്പിക്കുന്ന തത്വമാണ് ഏതു വിശ്വാസത്തിന്റെയും കാതല്‍.

കൊറോണ ആയാലും കൊറോണയുടെ ചേട്ടത്തി വന്നാലും നമ്മള്‍ മാറില്ലെന്ന മനോഭാവമാണ് അടുത്തിടെ കാണുന്നത്. വാര്‍ത്തകളില്‍ കൊറോണ ക്കു പോലും ഇടമില്ലാത്ത അവസ്ഥ, നിലം പതിച്ചോണ്ടിരിക്കുന്ന വീടിന്റെ അവകാശത്തിനായി തല്ലു പിടിക്കുന്ന പോലായിപ്പോയി നമ്മുടെ രാഷ്ട്രീയ മേഖലയിലുള്ളവരുടെ ദയനീയ കാഴ്ച, കൂട്ടത്തില്‍ പപ്പന്‍ മാഷുമാരും ഉസ്താദും ഫാദറും നിയമത്തെ നിസ്സാരവല്‍ക്കരിച്ചു നില്‍ക്കുന്നു. കൊറോണ അനുദിനം പിടിമുറുക്കുമ്പോഴും നമ്മള്‍ മാറില്ല. മാറില്ലെന്ന പിടിവാശിയിലും.

Exit mobile version