ആശങ്ക വര്‍ധിക്കുന്നു, തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കോവിഡ്, നിരവധി വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം; തിരുവനന്തപുരത്ത് നടന്ന കീം പരീക്ഷയെഴുതിയ ഒരാള്‍ക്ക് കൂടി കോവിഡ്. കൊല്ലം അഞ്ചല്‍ കൈതടി സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്ക ഉയരുകയാണ്.

തിരുവനന്തപുരം കൈമനത്തെ മന്നം റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ നിന്നാണ് വിദ്യാര്‍ത്ഥിനി പരീക്ഷയെഴുതിയത്. കുട്ടിയോടൊപ്പം വന്ന അച്ഛന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്‌കൂളിലെ ഇരുപതാം നമ്പര്‍ മുറിയിലിരുന്നാണ് വിദ്യാര്‍ത്ഥിനി പരീക്ഷ എഴുതിയത്.

ഇതോടെ ഈ വിദ്യാര്‍ത്ഥിനിക്കൊപ്പം പരീക്ഷയെഴുതിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയ നാല് വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥിയുടെ കൂട്ടിനായെത്തിയ ഒരു രക്ഷിതാവിനുമാണ് ഇതുവരെ കൊവിഡ് ബാധിച്ചത്.

തിരുവനന്തപുരത്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഒരു രക്ഷിതാവിനും കോഴിക്കോട് ഒരു വിദ്യാര്‍ത്ഥിക്കുമാണ് രോഗബാധ. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പരീക്ഷാ ഹാളിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. തെക്കാട് ബിഎഡ് സെന്ററില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കും കരമന ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിയായ വിദ്യാര്‍ത്ഥിക്കുമാണ് തിരുവനന്തപുരത്ത് രോഗബാധ സ്ഥിരീകരിച്ചത്.

Exit mobile version