ജീവനക്കാരന് കൊവിഡ്: ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു; എഎ റഹീം ഉൾപ്പടെ ആറോളം പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് രൂക്ഷമാകുന്നു. ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചിട്ടു. സംസ്ഥാന സെക്രട്ടറി എഎ റഹീം ഉൾപ്പെടെ ആറോളം പേർ ഇതോടെ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഓഫീസ് ജീവനക്കാരന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് പാളയം കുന്നുകുഴിക്ക് അടുത്തുള്ള സംഘടനാ ഓഫീസ് അടച്ചത്.

കഴിഞ്ഞ ദിവസം മുതല്‍ തന്നെ കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ഓഫീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വരുന്നവരുടെ പേരു വിവരങ്ങള്‍ കുറിച്ചു വച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുറച്ച് ആളുകള്‍ മാത്രമാണ്‌ ഓഫീസില്‍ എത്തിയതെന്നാണ് എഎ റഹീം വിശദീകരിക്കുന്നത്. എഎ റഹീമിന്റെ ഉള്‍പ്പെടെ കൊവിഡ് പരിശോധന ഉടന്‍ തന്നെ നടത്തും.

തലസ്ഥാനത്ത് സമ്പർത്തിലൂടെ നിരവധിപ്പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചവരിൽ 60% പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

അതേസമയം, സമൂഹവ്യാപനമുണ്ടായ തലസ്ഥാനത്തെ തീരമേഖലകളിൽ സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വന്നു. അഞ്ച് തെങ്ങ് മുതൽ പൊഴിയൂർ വരെയുള്ള പ്രദേശങ്ങൾ മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക്ഡൗൺ. തീരദേശത്ത് നിന്ന് പുറത്തിറങ്ങാനോ തീരപ്രദേശത്തേക്ക് പോകാനോ അനുവദിക്കില്ല.

സ്റ്റാച്യു, പേട്ട, അട്ടക്കുളങ്ങര എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇന്നലെ മാത്രം 151 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം വന്നത്. ഇതിൽ നാലുപേരുടെ ഉറവിടം അവ്യക്തമാണ്. അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടിയെടുക്കുമെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version