വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആലുവ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു, ആരോഗ്യവകുപ്പ് സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തില്‍

കൊച്ചി : വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലുവയിലാണ് സംഭവം. കീഴ്മാട് സ്വദേശി രാജീവനാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജീവന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇയാളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

വ്യാഴാഴ്ച വൈകീട്ടാണ് അമ്പത്തിരണ്ട് വയസ്സുകാരനായ രാജീവനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും പുറത്തുപോയി തിരിച്ചെത്തിയ രാജീവന്‍ ഉറങ്ങാന്‍ കിടന്നതാണ്. പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മൃതദേഹം ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ബിന്ദുവാണ് രാജീവന്റെ ഭാര്യ. മകന്‍ പ്രണവ്. രാജീവന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇയാളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ഇയാള്‍ക്ക് നിരവധി പേരുമായി സമ്പര്‍ക്കമുണ്ടായിരുന്നതായാണ് വിവരം.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് കാസര്‍കോട് സ്വദേശിനിയും മരിച്ചു. ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്. 74 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് നഫീസ മരിച്ചത്. രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമല്ല.

Exit mobile version