നിരീക്ഷണത്തില്‍ പോകേണ്ട ഉദ്യോഗസ്ഥ ജോലിക്കെത്തിയതിനെ തുടര്‍ന്ന് സര്‍വീസ് നടത്താന്‍ വിസമ്മതിച്ച് കണ്ടക്ടര്‍മാര്‍; ഉദ്യോഗസ്ഥക്ക് എതിരെ നടപടിയെടുക്കാതെ കണ്ടക്ടര്‍മാരെ സസ്‌പെന്റ് ചെയ്ത് കെഎസ്ആര്‍ടിസി

കോട്ടയം: ഈരാറ്റുപേട്ടയില്‍ സര്‍വീസ് നടത്താന്‍ വിസമ്മതിച്ച കണ്ടക്ടര്‍മാരെ കെഎസ്ആര്‍ടിസി സസ്‌പെന്റ് ചെയ്തു. സര്‍വീസ് നടത്താന്‍ വിസമ്മതിച്ച 12 കണ്ടക്ടര്‍മാരെയാണ് സസ്‌പെന്റ് ചെയ്തത്. കൊവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ പോകേണ്ട ഉദ്യോഗസ്ഥ ഡിപ്പോയിലെത്തിയതിനാലാണ് സര്‍വീസ് നടത്താത്തതെന്ന് സസ്‌പെന്‍ഷനിലായ കണ്ടക്ടര്‍മാര്‍ പറഞ്ഞു.

ഹോം ക്വാറന്റീനില്‍ പോകേണ്ട ഉദ്യോഗസ്ഥയുടെ കാര്യത്തില്‍ നടപടിയെടുക്കാതെ മറ്റ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത് അംഗീകരിക്കില്ലെന്ന് കണ്ടക്ടര്‍മാര്‍ പറഞ്ഞു. പാലാ മുന്‍സിപ്പല്‍ ജീവനക്കാരന് രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം യാത്ര ചെയ്ത ബസിലെ 18 ജീവനക്കാരെ നിരീക്ഷണത്തില്‍ അയച്ചിരുന്നു.

രോഗിയോടൊപ്പം ഡിപ്പോയിലെ ക്ലര്‍ക്കും ബസിലുണ്ടായിരുന്നു. ഇവരോട് ഇക്കഴിഞ്ഞ 14 ന് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ല. ഇന്നലെ അവര്‍ ജോലിക്ക് എത്തുകയും ഈ ഉദ്യോഗസ്ഥ ക്യാഷ് കൗണ്ടറില്‍ ഇരിക്കുകയും ചെയ്തു. എന്നാല്‍ ഇവരില്‍ നിന്ന് ടിക്കറ്റ് മെഷീന്‍ ഏറ്റ് വാങ്ങാന്‍ കണ്ടക്ടര്‍മാര്‍ തയ്യാറായില്ല. കണ്ടക്ടര്‍മാര്‍ നിസഹകരിച്ചതോടെ ഇന്നലെ സര്‍വീസുകള്‍ മുടങ്ങി. ഇതേ തുടര്‍ന്നാണ് കണ്ടക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തത്.

എന്നാല്‍ ഉദ്യോഗസ്ഥക്ക് എതിരെ നടപടി എടുക്കാത്തത് അംഗീകരിക്കില്ലെന്നാണ് കണ്ടക്ടര്‍മാര്‍ പറയുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി അണുനശീകരണം നടത്തിയ ശേഷമാണ് ബാക്കി ജീവനക്കാരെ വച്ചു സര്‍വീസ് ആരംഭിച്ചത്.

Exit mobile version