സരിതയെ പോലെ തന്നെ സ്വപ്‌നയും; മലയാളികള്‍ക്ക് അറിയേണ്ടത് സ്വര്‍ണക്കടത്ത് കേസിനെ കുറിച്ചല്ല, അവിഹിത ബന്ധങ്ങളും സ്വകാര്യതകളും, ക്വിപ്പുകള്‍ തേടിയെത്തിയവര്‍ നിരവധിയെന്ന് ഗൂഗിള്‍ രേഖകള്‍ പറയുന്നു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ഒരു വലിയ കേസാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് അന്വേഷണം തകൃതിയായി നടക്കുമ്പോള്‍ മറുഭാഗത്തിരുന്ന് മലയാളികള്‍ തപ്പുന്നത് കേസില്‍ ഉള്‍പ്പെട്ടവരുടെ അവിഹിത ബന്ധങ്ങളുടേയും മറ്റും കഥകളാണ്.

മലയാളികള്‍ക്കുള്ള താല്‍പര്യം എന്താണെന്ന് വ്യക്തമാക്കുകയാണ് ഗൂഗിള്‍ സേര്‍ച്ചിങ് ഡേറ്റകള്‍. സോളാര്‍ കേസിലെ സരിത നായരുടെ കാര്യത്തില്‍ സംഭവിച്ചത് തന്നെയാണ് ഇപ്പോള്‍ സ്വപ്ന സുരേഷിന്റെ വിഷയത്തിലും നടക്കുന്നതെന്ന് ഗൂഗിള്‍ സേര്‍ച്ചിങ് ഡേറ്റ നോക്കിയാല്‍ മനസിലാകും.

മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹം കേസിനെക്കുറിച്ചുള്ള കാര്യങ്ങളല്ല, അതില്‍ ഉള്‍പ്പെട്ടവരുടെ അവിഹിത ബന്ധങ്ങളും സ്വകാര്യതയുമാണ്. എല്ലാവര്‍ക്കും വേണ്ടത് കേസില്‍ കുടുങ്ങിയ വനിതകളുടെ ഹോട്ട് ചിത്രങ്ങള്‍, വിഡിയോകള്‍, അവിഹിത സ്റ്റോറികള്‍ എന്നിവയാണ്.

കേസില്‍ നേരത്തെ അറസ്റ്റിലായവരുടെ ഫോട്ടോയോ, സോഷ്യല്‍മീഡിയ അക്കൗണ്ടുകളോ ആരും ഗൂഗിളില്‍ അന്വേഷിച്ചതായി കണ്ടില്ല. എന്നാല്‍, കേസിലെ ഏക വനിതയുടെ ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ തേടി ഗൂഗിളിനെ സമീപിച്ചത് നിരവധി പേരാണ്.

വനിതകളുടെ ചിത്രങ്ങള്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ദുരൂപയോഗം ചെയ്ത് വാട്‌സാപ്പിലൂടെയും മറ്റു ഫോറങ്ങളിലൂടെയും ഷെയര്‍ ചെയ്യപ്പെട്ടതും . ആദ്യം പുറത്തുവന്ന ചിത്രങ്ങളും പിന്നീട് അറസ്റ്റിലായപ്പോള്‍ വന്ന ഫോട്ടോകളും ഉള്‍പ്പെടുത്തിയുള്ള ട്രോളുകള്‍ നിരവധി പേരാണ് ഷെയര്‍ ചെയ്ത് ആഘോഷിച്ചത്.

സ്വര്‍ണക്കടത്ത് എവിടെയും വിഷയമായിരുന്നില്ല. എത്ര സ്വര്‍ണം കടത്തി എന്നോ, ആരോക്കെ പിന്നിലുണ്ടെന്നോ, ഇതുകൊണ്ട് രാജ്യത്തിന് എന്താ നഷ്ടമെന്നോ ഇക്കാര്യമൊന്നും മലയാളികള്‍ക്ക് അറിയേണ്ട ആവശ്യമില്ല. ഇത് മലയാളി നെറ്റിസണ്‍സിനിടയില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

സോഷ്യല്‍മീഡിയ സജീവമായ അന്നു മുതല്‍ ഏതൊരു വനിതാ പ്രതിയുടെയും ക്ലിപ്പുകള്‍ സേര്‍ച്ച് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും തുടരുന്നു. പലപ്പോഴും കേസിലെ പ്രധാന വിഷയത്തേക്കാള്‍ കൂടുതല്‍ മലയാളികള്‍ അന്വേഷിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും അവിഹിത കഥകളും ചിത്രങ്ങളും തന്നെയാണെന്ന് ഗൂഗിള്‍ സേര്‍ച്ച് ഡേറ്റകളില്‍ നിന്ന് വ്യക്തമാണ്.

Exit mobile version