മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജീവ് സദാനന്ദന്‍, നിയമനം കോവിഡ് പശ്ചാത്തലത്തില്‍, നിപ പ്രതിരോധത്തില്‍ ഉള്‍പ്പെടെ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജീവ് സദാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ഉപദേഷ്ടാവായി നിയമിച്ചു. മൂന്ന് മാസത്തേക്കായിരിക്കും നിയമനം. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി രാജീവ് സദാനന്ദനെ നിയമിച്ചത്.

മുന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്നു രാജീവ് സദാനന്ദന്‍. കേരളത്തില്‍ നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയത്ത് ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്നു രാജീവ് സദാനന്ദന്‍. അന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

രാജീവ് സദാനന്ദന്‍ ഐഎഎസ് ആയിരുന്നു ആരോഗ്യവകുപ്പ് അടുത്ത കാലത്ത് ഉണ്ടാക്കിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പലതിനും നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍. ആര്‍ദ്രം മിഷന്‍, ഇ ഹെല്‍ത്ത്, കിരണ്‍ സര്‍വ്വേ, ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, ആരോഗ്യനയരൂപീകരണം എന്നിങ്ങനെ പല മികച്ച നയങ്ങള്ക്കും പിന്നില് രാജീവ് സദാനന്ദന്റെ പങ്ക് വലുതാണ്.

ബജറ്റില്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി പൂര്‍ണ്ണരൂപത്തില്‍ എത്തിക്കുന്നതിനും രാജീവ് വഹിച്ച പങ്ക് ശ്രദ്ധ്യേമാണ്. നിപ പടര്‍ന്നുപിടിച്ച സമയത്തുള്‍‌പ്പെടെയുള്ള അദ്ദേഹത്തിന്റെ മികച്ചപ്രവര്‍ത്തനം കണക്കിലെടുത്താണ് കോവിഡ് കാലത്ത് രാജീവ് സദാനന്ദനെ ഉപദേഷ്ടാവായി നിയമിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.

Exit mobile version