‘എന്നെ രക്ഷിക്കണേ’,കോട്ടയം മെഡിക്കല്‍ കോളേജില്‍ അര്‍ദ്ധരാത്രികളില്‍ സ്ത്രീയുടെ നിലവിളി;ഭീതിയില്‍ ആശുപത്രി ജീവനക്കാരും രോഗികളും

കോട്ടയം; കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും രാത്രി 12നും 12.30നും ഇടയില്‍ സ്ത്രീയുടെ നിലവിളി ശബ്ദം കേള്‍ക്കുന്നതായി പരാതി. കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ നിന്നാണ് കുറച്ചു നാളുകളായി ഇത്തരം നിലവിളി രാത്രിയില്‍ കേള്‍ക്കുന്നതായി പരാതി വന്നത്. ആശുപത്രിയിലെ ജീവനക്കാരും മറ്റ് രോഗികളുമാണ് ഇക്കാര്യം പറയുന്നത്.

‘എന്നെ രക്ഷിക്കണേ’ എന്ന സ്ത്രീ ശബ്ദത്തിലുള്ള നിലവിളിയാണ് അര്‍ദ്ധരാത്രിയില്‍ കേള്‍ക്കുന്നത്. കഴിഞ്ഞ ദിവസവും രാത്രി 12.10ന് ഉച്ചത്തിലുള്ള സ്ത്രീയുടെ നിലവിളി ശബ്ദം കേട്ടിരുന്നു. നിലവിളി കേട്ട് ആദ്യം കെട്ടിടത്തിലെ ജീവനക്കാരും, മറ്റുള്ളവരും ഉണര്‍ന്നു.നിലവിളി വീണ്ടും രണ്ടു തവണ കേട്ടു.പക്ഷെ ആരും ശബ്ദം കേട്ട ഭാഗത്തേക്ക് പേടി കൊണ്ട് പോയില്ലെന്നാണ് റിപ്പോര്‍ട്ട്.

സ്ത്രീയുടെതെന്ന് പറയുന്ന ശബ്ദം ഒന്നിലധികം പേര്‍ ഒരേ സമയം കേള്‍ക്കുന്നതായും എന്നാല്‍ ജീവനക്കാരില്‍ ചിലര്‍ പരിശോധന നടത്തിയപ്പോള്‍ ഇത് എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്താന്‍ സാധിച്ചില്ലെന്നും പറയുന്നു. രാത്രിയില്‍ നിലവിളി പതിവായതോടെ ഭീതിയിലാണ് ജീവനക്കാരും രോഗികളും.

ജൂലൈ 12 ഞായറാഴ്ച വൈകിട്ട് ഒപി പൂട്ടാന്‍ ചെന്ന സുരക്ഷാ ജീവനക്കാരിക്ക് പത്തു മിനിട്ട് ശ്രമിച്ചിട്ടും വാതില്‍ പൂട്ടാന്‍ സാധിച്ചില്ലെന്നും ഇനി അങ്ങോട്ട് പോകില്ലെന്നും ഇവര്‍ പറയുന്നു. ഗൈനക്കോളജി ഒപിക്ക് അടുത്തുള്ള വിശ്രമമുറി ഇനി രാത്രി ഉപയോഗിക്കില്ലെന്നും ഇവര്‍ പറയുന്നു.

തുടര്‍ച്ചയായി ഇത് അനുഭവപ്പെടുന്നതോടെ ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാരുടെയും രോഗികളുടെയും പരാതി എന്താണെന്ന് പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുമെന്നാണ് ആശുപത്രി സൂപ്രണ്ട് ടി.കെ ജയകുമാര്‍ പറഞ്ഞത്.

Exit mobile version