പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി നാല് ബസ്സുകള്‍ വാങ്ങി, കോവിഡ് വന്നതോടെ നാലും ഓട്ടമില്ലാതെ വീട്ടുമുറ്റത്ത്, ഒടുവില്‍ ജീവിക്കാന്‍ പലചരക്ക് കട തുടങ്ങി, പ്രതിസന്ധികളില്‍ തളരാതെ ബിജു

പരവൂര്‍: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതിന് പിന്നാലെയാണ് ബിജു ഉപജീവനത്തിനായി ടാക്‌സിയും ടൂറിസ്റ്റ് ബസും വാങ്ങിയത്. എന്നാല്‍ കോവിഡ് വന്ന് ബസ്സിന്റെ യാത്ര നിലച്ചതോടെ ജീവിക്കാനായി പലചരക്ക് കട തുടങ്ങിയിരിക്കുകയാണ് ബിജു ഇപ്പോള്‍. കോവിഡ് പ്രതിസന്ധി ജീവിതം ബുദ്ധമുട്ടിലാക്കുമ്പോഴും തനിക്ക് തോല്‍ക്കാന്‍ മനസ്സില്ലെന്ന് തന്നെയാണ് ബിജു പറയുന്നത്.

കലയ്‌ക്കോട് സ്വദേശി ഇന്ദിരാ ഭവനില്‍ ബിജു ഗംഗാധരന്‍ ഇന്ന് പലചരക്കു കടയുടെ ഷട്ടര്‍ ഉയര്‍ത്തി ജീവിതം തിരികെപ്പിടിക്കാനുള്ള പരിശ്രമത്തിലാണ്. മാസങ്ങള്‍ക്കുമുന്‍പ്, കോവിഡ് ഭീഷണിയില്ലാത്ത കാലത്ത് ടൂറിസ്റ്റ് ബസ് ഉടമയും ഡ്രൈവറുമായിരുന്നു അദ്ദേഹം.

ഏറെ നാളത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് 12 വര്‍ഷങ്ങള്‍ക്കു മുന്‍പാണു ബിജു നാട്ടിലെത്തിയത്. ഇതിന് പിന്നാലെ ഉപജീവനത്തിനായി ടാക്‌സിയും തുടര്‍ന്ന് ടൂറിസ്റ്റ് ബസും വാങ്ങി. എന്നാല്‍ വലിയ വരുമാനമൊന്നും ഇതിലൂടെ ലഭിച്ചില്ല. എങ്കിലും അന്നന്നുള്ള ജീവിതം കടന്നു പോകുന്നതിനു ബുദ്ധിമുട്ടില്ലായിരുന്നു എന്നു ബിജു പറയുന്നു.

നിലവില്‍ ബിജുവിന് 4 ബസുകളാണുള്ളത്. കോവിഡ് വ്യാപിച്ച് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവയെല്ലാം 4 മാസമായി ഓട്ടമില്ലാതെ കിടക്കുകയാണ്. സ്‌കൂള്‍ സവാരിയുണ്ടായിരുന്നതും നിലച്ചു. ബിജു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായി. ബിജുവിന്റെ ബസിലെ 4 ഡ്രൈവര്‍മാരും ഇപ്പോള്‍ ഇതേ സാഹചര്യത്തിലാണ്.

വാടകയ്ക്ക് ഓട്ടോ ഓടിച്ചും കടകളില്‍ സഹായിയായും ഒക്കെയാണ് അവര്‍ കഴിയുന്നത്. എന്നാല്‍ തളരാന്‍ ബിജുവിന് മനസ്സുണ്ടായിരുന്നില്ല. ഒരാഴ്ച മുന്‍പ് ഉപജീവനത്തിനായി വീട്ടില്‍ത്തന്നെ ഒരു പലചരക്ക് കട ആരംഭിച്ചിരിക്കുകയാണ് ബിജു. വലിയ കച്ചവടമില്ലെങ്കിലും ജീവിതം പഴയപോലെ തന്നെയാവുമെന്ന പ്രതീക്ഷ ബിജു കൈവിട്ടിട്ടില്ല.

Exit mobile version