സ്വര്‍ണ്ണക്കടത്തില്‍ യുഡിഎഫ് നേതാക്കളുടെ പങ്ക് തള്ളാതെ കെ സുധാകരന്‍ എംപി; യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാവില്ലെന്ന് സുധാകരന്‍

കണ്ണൂര്‍: സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ യുഡിഎഫ് നേതാക്കളുടെ പങ്ക് തള്ളാതെ കണ്ണൂര്‍ എംപി കെ സുധാകരന്‍. സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാവില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. കേസില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇപ്പോഴത്തേതിന് സമാനമായ നിലപാട് സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

കൂടാതെ, വേണ്ടിവന്നാല്‍ കൊവിഡ് നിയന്ത്രണം ലംഘിക്കുമെന്ന് പറഞ്ഞ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്താന്‍ മന്ത്രി കെ.കെ ശൈലജ ശ്രമിക്കേണ്ടെന്നും എംപി പറഞ്ഞു.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്ന പ്രതി റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാളെ ആലുവ സബ് ജയിലിലേക്ക് മാറ്റും. ഇന്ന് രാവിലെയാണ് റമീസിനെ ഈ കോടതിയില്‍ ഹാജരാക്കിയത്. റമീസിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ മറ്റന്നാള്‍ സമര്‍പ്പിക്കും.

അനധികൃതമായി കടത്തുന്ന സ്വര്‍ണം വാങ്ങി വിതരണക്കാരിലേക്ക് എത്തിക്കുന്നവരില്‍ പ്രധാനിയാണ് റമീസെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. സ്വര്‍ണ്ണക്കടത്തില്‍ ഇയാള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടത്തല്‍. ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മുമ്പും റമീസ് സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി.

2015ല്‍ സുഹൃത്തിന്റെ ബാഗില്‍ സ്വര്‍ണ്ണം കടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി തോക്ക് കടത്തിയ കേസിലും പ്രതിയാണ് റമീസ്. റമീസിന്റെ പെരിന്തല്‍മണ്ണ വെട്ടത്തൂരിലെ വീട്ടില്‍ ഞായറാഴ്ച വൈകീട്ട് കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഒരു മണിക്കൂറിലധികം നീണ്ട റെയ്ഡില്‍ ഡിജിറ്റല്‍ തെളിവുകള്‍ കസ്റ്റംസ് ശേഖരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്ന സുരേഷിനെ പ്രതിചേര്‍ത്തു. എഫ്ഐആര്‍ പ്രകാരം സരിത്താണ് കേസിലെ ഒന്നാംപ്രതി, റമീസ് രണ്ടാം പ്രതിയും സ്വപ്ന മൂന്നാം പ്രതിയുമാണ്. സന്ദീപാണ് നാലാം പ്രതി.

Exit mobile version