പോലീസുകാര്‍ക്ക് രണ്ട് ഷിഫ്റ്റില്‍ ജോലി: ക്ഷേമം സംബന്ധിച്ച ദിവസേന റിപ്പോര്‍ട്ട് നല്‍കണം; കോവിഡ് ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ കരുതലുറപ്പാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരായ പോലീസുകാര്‍ക്ക് കരുതലുമായി സംസ്ഥാന സര്‍ക്കാര്‍. രണ്ട് ഷിഫ്റ്റുകളായി ജോലി നല്‍കാനും കുടിവെള്ളവും ഭക്ഷണവും ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കാനും പോലീസുകാരുടെ ക്ഷേമം സംബന്ധിച്ച റിപ്പോര്‍ട്ട് ദിവസേന പോലീസ് മേധാവിക്ക് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി. കോവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് പ്രതിരോധ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലീസില്‍ നിന്നും സ്‌പെഷ്യല്‍ യൂണിറ്റില്‍ നിന്നും ധാരാളം പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. രോഗികള്‍ വര്‍ധിക്കുന്നതു മൂലവും ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടും ചില ജില്ലകളില്‍ പോലീസിന്റെ ജോലി ഭാരം വല്ലാതെ ഏറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പല സ്ഥലത്തും മണിക്കൂറുകളോളം പോലീസുകാര്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നു. ദൂര സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് യഥാസമയം ജോലിക്കെത്താന്‍ കഴിയാതെ വരുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ ദിവസം കുറഞ്ഞത് രണ്ട് ഷിഫ്റ്റുകളിലായി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതാകും ഉചിതമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ നല്‍കിയ നിര്‍ദ്ദേശമാണിത്. കുറേ സ്ഥലങ്ങളില്‍ നടപ്പാക്കപ്പെട്ടതുമാണ്. സ്‌പെഷ്യല്‍ യൂണിറ്റില്‍നിന്ന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ അവരുടെ താമസസ്ഥലത്തിന് അടുത്തുള്ള പ്രദേശത്ത് നിയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

പോലീസിലെ സ്റ്റേറ്റ് ഫെല്‍ഫയര്‍ ഓഫീസറും എഡിജിപിയുമായ കെ പദ്മകുമാര്‍ എല്ലാ ജില്ലകളും സന്ദര്‍ശിച്ച് പോലീസുകാരുടെ ക്ഷേമം സംബന്ധിച്ച റിപ്പോര്‍ട്ട് ദിവസേന സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോലീസുകാരെ നിയോഗിച്ചിരിക്കുന്ന പ്രദേശങ്ങള്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version