ക്വാറന്റൈൻ ലംഘിച്ച് മാസ്‌ക് ധരിക്കാതെ ടൗണിൽ; ആരോഗ്യപ്രവർത്തകർ ഓടിച്ചിട്ട് പിടികൂടിയ പ്രവാസിയുടെ ഫലം നെഗറ്റീവ്; പത്തനംതിട്ടയിൽ ആശ്വാസം

പത്തനംതിട്ട: വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈനിൽ പ്രവേശിക്കാതെ പ്രോട്ടോക്കോൾ ലംഘിച്ച് പുറത്തിറങ്ങിയതിന് ആരോഗ്യപ്രവർത്തകർ ഓടിച്ചിട്ട് പിടിച്ച പ്രവാസിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്.

ഇക്കഴിഞ്ഞ മൂന്നാംതീയതി റിയാദിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ചെന്നീർക്കര സ്വദേശി തിങ്കളാഴ്ചയാണ് പത്തനംതിട്ട നഗരത്തിലെത്തിയത്. മുഖാവരണം പോലും ധരിക്കാതെ വാഹനത്തിലെത്തിയതിനാണ് ഇയാളെ പോലീസ് തടഞ്ഞത്. വിദേശത്തുനിന്നെത്തിയതാണെന്ന് അറിഞ്ഞതോടെ ആരോഗ്യപ്രവർത്തകരെത്തി ആംബുലൻസിൽ കയറാൻ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല.

ഒടുവിൽ നാല് ആരോഗ്യപ്രവർത്തകർ വട്ടംപിടിച്ചിട്ടും കുതറിയോടിയ പ്രവാസിയെ തുണികൊണ്ട് കൈയുംകാലും കെട്ടിയാണ് ആംബുലൻസിൽ കയറ്റിയത്. ഇദ്ദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണുള്ളത്.

Exit mobile version