ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തിന് യാതൊരു വിലയും നല്‍കാതെ കോണ്‍ഗ്രസ്; രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടയില്‍ കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുമെന്ന് പരസ്യമായി പ്രസ്താവിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയാന്‍ ആരോഗ്യ സംവിധാനങ്ങളും സര്‍ക്കാരും ജനങ്ങളും എല്ലാവരും ഒരുമിച്ച് പോരാടുന്നതിനിടയില്‍ എല്ലാവരെയും വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു കെ.സുധാകരന്റെ വെല്ലുവിളി. കൊവിഡ് നിയന്ത്രണങ്ങളും നടപടികളും വലിച്ചെറിഞ്ഞ് പ്രക്ഷോഭത്തിന്റെ തീച്ചൂളയിലേക്ക് സംസ്ഥാനത്തെ നയിക്കും എന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞത്.

സര്‍ക്കാര്‍ നീതികേട് കാണിച്ചാല്‍ കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കും. വേണ്ടി വന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളും നടപടികളും വലിച്ചെറിഞ്ഞ് പ്രക്ഷോഭത്തിന്റെ തീച്ചൂളയിലേക്ക് സംസ്ഥാനത്തെ നയിക്കും. പ്രതികരിക്കാന്‍ പറ്റാത്ത സാഹചര്യം ഉള്ളത് കൊണ്ടാണ് പ്രതിപക്ഷം ഇത്തരത്തില്‍ പോകുന്നത്. ആ വിഘാതം തട്ടിമാറ്റാന്‍ പ്രതിപക്ഷത്തിന് നിയമം തടസ്സമല്ല എന്നും ആയിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം.

തിരുവനന്തപുരം സ്വര്‍ണ്ണ കളളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും സമരം നടത്തുമെന്ന് ബിജെപിയും ഇന്ന് പ്രസ്താവിച്ചിരുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജനങ്ങളുടെ ജീവന്‍ പണയം വച്ചുള്ള പ്രതിക്ഷ പാര്‍ട്ടികളുടെ നടപടികള്‍.

ഇന്ന് 400ന് മുകളിലാണ് സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം. സമ്പര്‍ക്ക രോഗികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. സമൂഹവ്യാപനത്തിലേക്ക് പോകുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. ഇതിന് ഇടയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ മുഴുവന്‍ വെല്ലുവിളിച്ച് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന് പരസ്യമായി പറയുന്നത്.

Exit mobile version