വണ്ടിയിടിക്കുമെന്നോ കൊറോണ വരുമെന്നോ എന്നൊന്നും ഓര്‍ത്തില്ല, കണ്ണുകാണാത്ത ആ അച്ഛനെ എങ്ങനെയെങ്കിലും അപ്പുറത്തെത്തിക്കണം എന്നുമാത്രമായിരുന്നു മനസ്സില്‍; സുപ്രിയ പറയുന്നു

തൃശ്ശൂര്‍: ആ സമയത്ത് ആകെയുണ്ടായിരുന്ന ലക്ഷ്യം ആ അച്ഛനെ എങ്ങനെയെങ്കിലും അപ്പുറത്തെത്തിക്കണം എന്നുമാത്രമായിരുന്നു, വണ്ടിയിടിക്കുമെന്നോ കൊറോണ വരുമെന്നോ എന്നൊന്നും മനസ്സിലുണ്ടായിരുന്നേയില്ല- സമൂഹമാധ്യമത്തിലെ വൈറല്‍ വീഡിയോയിലെ സുപ്രിയയുടെ വാക്കുകളാണിത്.

കഴിഞ്ഞദിവസമാണ് കാഴ്ച ശക്തിയില്ലാത്ത വയോധികനെ റോഡ് കുറുകെ കടക്കാനും ബസില്‍ കയറാനും സഹായിക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സുപ്രിയയ്ക്ക് നേരിട്ടും അല്ലാതെയും അഭിനന്ദനപ്രവാഹമായിരുന്നു.

ജോഷ്വാ എന്ന യുവാവും സുഹൃത്തുക്കളുമാണ് സുപ്രിയ അന്ധനായ വയോധികനെ സഹായിക്കുന്ന വീഡിയോ എടുത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ബുധനാഴ്ച രാവിലെ ജോലിക്കു പോരുന്ന സമയത്ത് തന്നെ കണ്ട് ഈ പയ്യന്മാര്‍ ആ ചേച്ചിയല്ലേ അതെന്ന് പറയുന്നതു കേട്ടിരുന്നുവെന്നും അങ്ങനെയാണ് ഇവരാകും വീഡിയോ എടുത്തതെന്ന് തനിക്ക് തോന്നിയതെന്നും സുപ്രിയ ഒരു മാധ്യമത്തോട് പറഞ്ഞു.

എന്നും തന്നെ ഭര്‍ത്താവാണ് വന്നുകൊണ്ടുപോവുക. വൈകുന്നേരം കടയില്‍ നിന്നിറങ്ങി ഭര്‍ത്താവിനെ വിളിച്ചു. അന്ന് ഇത്തിരി ജോലിത്തിരക്കുണ്ടെന്നും ഇറങ്ങി നടന്നോളൂ, ഇപ്പോഴെത്തുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ നടന്നു കുരിശുകവലയില്‍ എത്തിയപ്പോഴാണ് റോഡിനു നടുവില്‍ വടിയും കുത്തിപ്പിടിച്ച് ഒരു അച്ഛന്‍ നടക്കുന്നതു കണ്ടതെന്ന് സുപ്രിയ പറയുന്നു.

അപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ ഓടിച്ചെന്നു. എങ്ങോട്ടാണ് പോകേണ്ടതെന്നു ചോദിച്ചു, അദ്ദേഹം പറഞ്ഞ സ്ഥലം ഇപ്പോള്‍ എനിക്ക് ഓര്‍മ കിട്ടുന്നില്ല. അവിടെ വണ്ടി നിര്‍ത്തുന്ന സ്ഥലമാണോ എന്നും അറിയില്ലായിരുന്നു. ചേട്ടന്‍ വരുമ്പോള്‍ വണ്ടിയില്‍ കയറ്റി ബസ് സ്റ്റാന്‍ഡിലാക്കാം എന്നാണ് താന്‍ ഓര്‍ത്തത്.

അപ്പോഴാണ് ഒരു കെഎസ്ആര്‍ടിസി വന്നത്. കൈകാണിച്ചപ്പോള്‍ വണ്ടി നിര്‍ത്തുകയും ചെയ്തു. അച്ഛന്‍ ഇവിടെ തന്നെ നിന്നോളൂ, ഞാന് കണ്ടക്ടറിനോടു പറഞ്ഞിട്ടു വരാം എന്നു പറഞ്ഞ് ഓടി, കാരണം ഇല്ലെങ്കില്‍ ബസ് നിര്‍ത്താതിരുന്നാലോ. ഒരച്ഛനുണ്ട് അദ്ദേഹത്തിനെ കയറ്റണം എന്നു കണ്ടക്ടറോടു പറഞ്ഞപ്പോള്‍ ശരി എന്നും പറഞ്ഞു. അങ്ങനെ അച്ഛനെ കൈപിടിച്ചു വരുന്നതുവരെ വണ്ടി അവിടെ നിര്‍ത്തിയിരുന്നുവെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.

വീഡിയോ ഇത്രത്തോളം വൈറലാവുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ല. ചൊവ്വാഴ്ച്ച രാത്രി പത്തരയൊക്കെ ആയപ്പോഴാണ് സഹപ്രവര്‍ത്തക വിളിച്ച് ചേച്ചിയുടെ വീഡിയോ വൈറലായിട്ടുണ്ടല്ലോ എന്നു പറയുന്നത്. അപ്പോഴും തനിക്ക് കാര്യം പിടികിട്ടിയില്ലെന്ന് സുപ്രിയ പറയുന്നു.

ഭര്‍ത്താവിനോട് ഫെയ്‌സ്ബുക്കില്‍ വല്ല വീഡിയോയും പങ്കുവച്ചിട്ടുണ്ടോ എന്നൊക്കെ ചോദിച്ചു. അപ്പോഴാണ് ചേച്ചി ഔന്നും അറിഞ്ഞില്ലേ ഒരപ്പൂപ്പനെ ബസില്‍ കയറ്റി വിട്ടില്ലേ അതാരോ വീഡിയോ എടുക്കുന്നുണ്ടായിരുന്നു. അതിപ്പോള്‍ ലോകം മൊത്തം അറിഞ്ഞു. ചേച്ചി മാത്രം അറിഞ്ഞില്ലല്ലേ എന്നു പറഞ്ഞു. ശരിക്കും താന്‍ ഞെട്ടിപ്പോയെന്ന് സുപ്രിയ പറഞ്ഞു.

ആ അച്ഛനെ ശരിക്കും എനിക്കിപ്പോള്‍ കാണണമെന്നുണ്ട്. സ്ഥിരമായി അതുവഴി പോകുന്നയാളാണെന്നൊക്കെ പലരും പറയുന്നതു കേട്ടു. ആ അച്ഛനെയും അദ്ദേഹത്തിന്റെ വീട്ടുകാരെയുമൊക്കെ കണ്ടുസംസാരിക്കണം. അദ്ദേഹം കാരണമാണല്ലോ എന്നെ ഇപ്പോള്‍ നാലാള്‍ അറിയുന്നതെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.

Exit mobile version