കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച കൊല്ലം സ്വദേശിക്ക് കൊവിഡില്ല; അന്തിമ ഫലം നെഗറ്റീവ്

കൊല്ലം: വിദേശത്ത് നിന്നെത്തിയതിനെ തുടർന്ന് കൊല്ലത്ത് നിരീക്ഷണത്തിൽ കഴിയവെ മരിച്ച യുവാവിന് കൊവിഡില്ലെന്ന് തെളിഞ്ഞു. പുത്തൂർ സ്വദേശിയായ മനോജിനാണ് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ നടത്തിയ ട്രൂ നാറ്റ് പരിശോധനയിൽ ഇയാൾക്ക് പോസിറ്റീവ് ആയിരുന്നു. എന്നാൽ ഇയാളുടെ അന്തിമ പരിശോധനാ ഫലം നെഗറ്റീവായി.

ട്രൂനാറ്റ് പരിശോധന പോസിറ്റീവായതിനെ തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചത്. ദുബായിയിൽ നിന്നെത്തിയ മനോജ് സുഹൃത്തിനൊപ്പം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പ് പനി ബാധിച്ച് കാസർകോട് ജനറൽ ആശുപത്രിയിൽ മരിച്ച മോഗ്രാൽ സ്വദേശി അബ്ദുൾ റഹ്മാനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസർകോട് ജില്ലയിലെ ആദ്യ കൊവിഡ് മരണമാണിത്. ട്രൂനാറ്റ് ടെസ്റ്റിൽ പോസിറ്റീവായതിനെ തുടർന്ന് നടത്തിയ പിസിആർ ടെസ്റ്റിന് ശേഷമാണ് കൊവിഡ് ഉറപ്പാക്കിയത്. സംസ്‌കാരം കമ്പാർ പറപ്പാടി ഖബർസ്ഥാനിൽ നടന്നു. കർണാടക ഹൂബ്ലിയിൽ വ്യാപാരിയായ അബ്ദുൾ റഹ്മാന് അവിടെ നിന്നും രോഗം ബാധിച്ചിരിക്കാമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. സമ്പർക്കം പുലർത്തിയ നാല് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും രണ്ടു ബന്ധുക്കളും നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസമാണ് അബ്ദുൾ റഹ്മാൻ ആംബുലൻസ് വഴി അതിർത്തിയായ തലപ്പാടിയിലെത്തിയത്. അവിടെ നിന്നും ടാക്‌സിയിൽ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Exit mobile version