കുഞ്ഞ് മകളെ കാണാതെ നാലുമാസം; ഒടുവില്‍ റോഡിനപ്പുറത്ത് നിന്ന് ഒരു നോക്ക് കണ്ട് വീണ്ടും ഡ്യൂട്ടിയിലേക്ക്, വൈറലായി ആംബുലന്‍സ് ഡ്രൈവറുടെയും കുഞ്ഞിന്റെയും കൂടിക്കാഴ്ച

കായംകുളം: കോവിഡ് മഹാമാരി കാരണം ആരോഗ്യപ്രവര്‍ത്തകരെല്ലാം മാസങ്ങളായി മക്കളെയും കുടുംബത്തെയുമെല്ലാം അടുത്ത് കണ്ടിട്ട്. മാസങ്ങള്‍ക്ക് ശേഷം കുഞ്ഞുമക്കളെ കാണുന്നവരുടെ വൈകാരിക ദൃശ്യങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

അത്തരത്തില്‍ മാസങ്ങള്‍ക്ക് ശേഷം കുഞ്ഞുമകളെ അകലെ നിന്നും കാണുന്ന ആംബുലന്‍സ് ഡ്രൈവറുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ ലോകത്ത് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
റോഡിന്റെ മറുവശത്ത് ആംബുലന്‍സ് ഒതുക്കിയാണ് മാസങ്ങള്‍ക്ക് ശേഷം ഫൈസല്‍ കബീര്‍ ഒരു വയസ്സു മാത്രം പ്രായമുള്ള മകളെ ഒരു നോക്ക് കണ്ടത്.

കോതമംഗലം താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സിന്റെ ഡ്രൈവര്‍ കായംകുളം പുള്ളിക്കണക്ക് പുളിമൂട്ടില്‍ ഫൈസല്‍ മന്‍സിലില്‍ ഫൈസല്‍ കബീര്‍ (29) ആണ് കോവിഡ് ഡ്യൂട്ടിക്കിടയില്‍ സ്വന്തം കുഞ്ഞിനെ ദേശീയപാതയുടെ അപ്പുറമിപ്പുറം നിന്ന് കണ്ടു മടങ്ങിയത്.

ഭാര്യ തന്‍സില റോഡിന്റെ മറുവശം നിന്നു കുഞ്ഞു നൂറയെ ഭര്‍ത്താവിനു കാണിച്ചു.
മാസങ്ങള്‍ക്കു ശേഷം കുഞ്ഞിനെ ഒരുനോക്കു കണ്ട സന്തോഷത്തില്‍ ഫൈസല്‍ കബീര്‍ ആംബുലന്‍സുമായി മുന്നോട്ടു പാഞ്ഞു.

9 മാസമായി എറണാകുളത്ത് 108 ആംബുലന്‍സില്‍ ജോലി ചെയ്യുകയാണ് ഫൈസല്‍. 4 മാസമായി കോവിഡ് ഡ്യൂട്ടി കാരണം ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ പോയിരുന്നില്ല. ഭാര്യയും കുഞ്ഞും അമ്പലപ്പുഴയിലെ വീട്ടിലായിരുന്നു.

3ന് രാത്രിയാണ് ഫൈസല്‍ പെരുമ്പാവൂരില്‍ നിന്ന് രക്തസാംപിളുകള്‍ പരിശോധനയ്ക്കു നല്‍കാന്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ പോയത്.

അന്നുതന്നെ തിരികെ മടങ്ങിയെങ്കിലും കുഞ്ഞിനെ കാണണമെന്ന ആഗ്രഹത്തില്‍ രാത്രി കായംകുളത്ത് റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട് ഉറങ്ങി. പുലര്‍ച്ചെ അമ്പലപ്പുഴയിലെത്തുമെന്നു അറിയിച്ചിരുന്നതിനാല്‍ തന്‍സില കുഞ്ഞിനെയും കൊണ്ട് റോഡരികില്‍ കാത്തുനിന്നു. ഏഴു മണിയോടെ ഫൈസല്‍ അവിടെയെത്തി കുഞ്ഞിനെ അകലെ നിന്നു കാണുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ബന്ധുവാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.

Exit mobile version