രാഖി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ കടുത്ത മാനസിക പീഡനത്തെ തുടര്‍ന്ന്; കോളേജ് നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ വിശ്വാസമില്ലെന്ന് പിതാവ്

മകള്‍ക്ക് അധ്യാപകരില്‍ നിന്ന് ക്രൂരമായ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഈ അച്ഛന്‍ ഉറച്ചു വിശ്വസിക്കുന്നു.

കൊല്ലം: ഫാത്തിമാ മാതാ കോളേജിലെ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്തത് അധ്യാപകരുടെ കടുത്ത മാനസിക പീഡനത്തെ തുടര്‍ന്നാണെന്ന് പിതാവ് രാധാകൃഷ്ണന്‍. പ്ലസ് ടു പരീക്ഷയില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങി ജയിച്ച രാഖി കൃഷ്ണ കോപ്പിയടിക്കില്ലെന്ന് പിതാവ് ഉറപ്പിച്ചു പറയുന്നു. മകള്‍ക്ക് അധ്യാപകരില്‍ നിന്ന് ക്രൂരമായ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഈ അച്ഛന്‍ ഉറച്ചു വിശ്വസിക്കുന്നു.

സംഭവത്തിനു ശേഷം കോളേജിന്റെ ഒരു പ്രതിനിധി പോലും ബന്ധപ്പെട്ടിട്ടില്ല. കോളേജ് നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ വിശ്വാസമില്ല. മാനേജ്‌മെന്റ് നിയോഗിച്ച അന്വേഷണകമ്മീഷന്‍ അവര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടേ തയാറാക്കൂ എന്നും രാധാകൃഷ്ണന്‍ പറയുന്നു.

സ്വന്തം മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയാറെടുക്കുകയാണ് രാഖിയുടെ പിതാവ്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് ഉടന്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version