എന്നെങ്കിലും കമ്മല്‍ ധരിക്കണം; കാതുകള്‍ നഷ്ടപ്പെട്ട അമൃതയുടെ ആഗ്രഹം ഇതാണ്, ജീവിത പരീക്ഷണങ്ങളില്‍ തളരാതെ ഒരു ആലപ്പുഴക്കാരി

ആലപ്പുഴ: ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഒരു ഒളിച്ചോട്ടത്തിന് അമൃത തയ്യാറല്ലായിരുന്നു. പരീക്ഷണങ്ങളോടെല്ലാം പൊരുതി അവള്‍ ഇന്ന് ജീവിതത്തില്‍ വിജയിച്ചിരിക്കുകയാണ്. സമൂഹത്തിന് ഒന്നടങ്കം മാതൃകയായി തീരുകയാണ് ഈ ആലപ്പുഴക്കാരി.

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആലപ്പുഴ തുറവൂര്‍ സ്വദേശിയായ അമൃതയ്‌ക്കൊരു അപകടം സംഭവിച്ചത്. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ കട്ടിലിനടിയില്‍ പോയ പുസ്തകം എടുക്കാന്‍ മണ്ണെണ്ണ വിളക്കുമായി കയറിയ അമൃതയുടെ വസ്ത്രത്തിലേക്ക് വിളക്ക് കമഴ്ന്ന് തീപിടിച്ചു.

മുഖത്തടക്കം 35ശതമാനത്തോളം പൊള്ളലേറ്റ അമൃത പിന്നീട് കാലങ്ങളേറെ ആശുപത്രി കിടക്കയിലായിരുന്നു. ചെറുപ്പത്തില്‍ സംഭവിച്ച ആ അപകടം അമൃതയെ പാടെ തളര്‍ത്തിയിരുന്നു. ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നുവെന്ന് അമൃത പറയുന്നു.

അന്ന് ബസിലൊക്കെ യാത്ര ചെയ്യാന്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു എന്ന് അമൃത പറയുന്നു. കണ്ണിന്റെ ഒരു ഭാഗം ഒഴികെ മുഖം മറച്ചുകൊണ്ടായിരുന്നു അന്ന് പുറത്തിറങ്ങിയത്. പലരും മുഖത്തേക്ക് നോക്കാതെയായി. പലപ്പോഴും മറ്റുള്ളവരുടെ മുന്നിലേക്ക് പോകാന്‍ തന്നെ ഭയമായിരുന്നുവെന്ന് അമൃത പറയുന്നു.

കുറേയേറെ സഹിച്ചെങ്കിലും ജീവിതത്തില്‍ തോല്‍ക്കാന്‍ അമൃത തയ്യാറായിരുന്നില്ല. എല്ലാം തിരികെ പിടിക്കണമെന്ന് അമൃത മനസ്സിലുറച്ചു. അങ്ങനെ സൈക്കിളിങ് ഏറേ ഇഷ്ടമുള്ള അമൃത സൈക്കിളിനെ കൂട്ടു പിടിച്ച് ജീവിത്തിലേക്ക് ചവിട്ടി കയറുകയായിരുന്നു.

അമൃത ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നിരവധി മെഡലുകള്‍ വാരിക്കൂട്ടി. അമൃതയുടെ ഏറ്റവും വലിയ ആഗ്രഹം ഒളിംപിക്‌സില്‍ പങ്കെടുത്ത് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ഡ് മെഡല്‍ നേടണം എന്നതാണ്. ഇത്കൂടാതെ മറ്റൊരു ആഗ്രഹവും അമൃതയ്ക്കുണ്ട്.

നല്ലൊരു കമ്മല്‍ ധരിക്കണം എന്നത്. പക്ഷേ പത്താം വയസ്സിലുണ്ടായ അപകടത്തില്‍ അമൃതയ്ക്ക് കാതുകള്‍ നഷ്ടപ്പെട്ടിരുന്നു. ശസ്ത്രക്രിയയ്ക്ക് പണം ഇല്ലാത്തതിനാല്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ് എന്നും അമൃത പറയുന്നു. എന്നെങ്കിലും തന്റെ ആഗ്രഹം സാധിക്കുമെന്ന പ്രതീക്ഷയിലാണ് അമൃത.

Exit mobile version