ഓട്ടോ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആലുവ മാര്‍ക്കറ്റ് അടച്ചു

ആലുവ: ഓട്ടോ ഡ്രൈവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആലുവ മാര്‍ക്കറ്റ് അടച്ചു. മെട്രോ സ്റ്റേഷന്‍ ഭാഗം മുതല്‍ പുളിഞ്ചോട് വരെ സീല്‍ ചെയ്ത് ഈ ഭാഗത്തേക്ക് ജനങ്ങള്‍ക്ക് പ്രവേശനവും വിലക്കിയിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവര്‍ ചികിത്സയ്ക്കായി എത്തിയ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും ഏതാനും നഴ്‌സുമാരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

അതേ സമയം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്‌സി കൗണ്ടറിലെ ജീവനക്കാരിക്കും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. പൊയ്ക്കാട്ടുശ്ശേരി സ്വദേശിയായ ജീവനക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരുടെ കുടുംബത്തെ ക്വാറന്റൈനില്‍ ആക്കിയിരിക്കുകയാണ്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

അതേസമയം കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പത്ത് പ്രദേശങ്ങള്‍കൂടി കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു.പിറവം നഗരസഭയിലെ പതിനേഴാം ഡിവിഷന്‍, പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, കൊച്ചി കോര്‍പറേഷനിലെ 43, 44, 46, 55, 56 ഡിവിഷനുകള്‍, പറവൂര്‍ നഗരസഭയിലെ എട്ടാം ഡിവിഷന്‍, കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ്, തൃക്കാക്കര നഗരസഭയിലെ 28-ാം ഡിവിഷന്‍ എന്നിവയെയാണ് പുതിയ കണ്ടെയ്‌മെന്റ് സോണ്‍ ആയി കളക്ടര്‍ എസ് സുഹാസ് പ്രഖ്യാപിച്ചത്.

Exit mobile version