ശബരിമലയിലേക്ക് ഭക്തരെ ആകര്‍ഷിക്കാന്‍ പുതിയ മാര്‍ഗവുമായി ദേവസ്വം ബോര്‍ഡ്; താരങ്ങളെ അണിനിരത്തി പരസ്യം ഒരുക്കാന്‍ ആലോചന

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതിനെ തുടര്‍ന്ന്, ഭക്തരെ ആകര്‍ഷിക്കാന്‍ സിനിമാ താരങ്ങള്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി പരസ്യങ്ങള്‍ തയ്യാറാക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം. ഇതുസംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഉണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് എത്തിയ ഭക്തരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായത്. ഇതാണ് പരസ്യം തയ്യാറാക്കുന്നത് സംബന്ധിച്ച ആലോചനകളക്ക് പിന്നിലെന്നാണ് ലഭ്യമായ വിവരം. പരസ്യത്തിലൂടെ തീര്‍ഥാടകരുടെ ഭയം അകറ്റാനാകുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. സിനിമ താരങ്ങള്‍ അടക്കമുള്ള പ്രമുഖരെയാണ് പരസ്യം തയ്യാറാക്കുന്നതിനുവേണ്ടി പരിഗണിക്കുന്നത്.

യുവതി പ്രവേശന വിഷയത്തെ തുടര്‍ന്ന് ഉണ്ടായ പ്രക്ഷോഭങ്ങളും പ്രതിക്ഷേധങ്ങളും അയ്യപ്പ ഭക്തന്‍മാരെ ഭയപ്പെടുത്തിയിട്ടുണ്ട്. ശബരിമലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്ന പേടിയിലാണ് ഭക്തര്‍ മലയ്ക്ക് എത്താതിരിക്കുന്നത് എന്നാണ് വിലയിരുത്തുന്നത്. ഇതി മാറ്റി എടുക്കുക കൂടിയാണ് പരസ്യം കൊണ്ട് ഉദ്ധേശിക്കുന്നത്.

Exit mobile version