‘ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മരിച്ചയാളുടെ മൃതദേഹം നീക്കം ചെയ്യാന്‍ ആളില്ല’; കൊവിഡ് ഭീതിമൂലം ജനം വിട്ടുനിന്നപ്പോള്‍ മുന്നിട്ടിറങ്ങി എസ്‌ഐയും ആംബുലന്‍സ് ഡ്രൈവറും-വീഡിയോ

കൊച്ചി: ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മരിച്ചനിലയില്‍ കണ്ടയാളുടെ മൃതദേഹം ആംബുലന്‍സ് ഡ്രൈവറുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി എസ്‌ഐ. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളുടെ മൃതദേഹം ആശുപത്രിയില്‍ എത്തിക്കാന്‍ കൊവിഡ് ഭീതിമൂലം ജനം വിട്ടുനിന്നപ്പോള്‍ എസ്‌ഐയും ആംബുലന്‍സ് ഡ്രൈവറും പിപിഇ കിറ്റ് ധരിച്ചെത്തി നടപടികള്‍ പൂര്‍ത്തിയാക്കി.

പുളിക്കല്‍ അരൂരിനു സമീപമാണ് സംഭവം. ഏറെക്കാലമായി ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന കിഴിശ്ശേരി സ്വദേശി ശിവദാസന്‍ (55) ആണ് മരിച്ചത്. മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ കൊവിഡ് ഭീതിമൂലം അടുത്തേക്കു പോകാന്‍ ജനം മടിച്ചു.

തുടര്‍ന്ന് എസ്‌ഐ വിനോദ് വാളിയാട്ടുരും ആംബുലന്‍സ് ഡ്രൈവര്‍ കുറുപ്പത് അബ്ദുല്‍ റഷീദും പിപിഇ കിറ്റ് ധരിച്ച് സ്ഥലത്തെത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. സ്രവ പരിശോധന നടത്തിയ ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ എത്തിച്ചതും ഇരുവരും ചേര്‍ന്നാണ്. കൊവിഡ് ഫലം അടുത്ത ദിവസം ലഭിക്കും. അതുവരെ ഇരുവരും ക്വാറന്റൈനില്‍ പ്രവേശിച്ചു. മരണവിവരം ബന്ധുക്കളെ അറിയിക്കുകയും അസ്വാഭാവിക മരണത്തിന് കേസ്സെടുക്കുകയും ചെയ്തു .

Exit mobile version