സൂര്യ ദേവിനും സൗരവിനും ഒപ്പം പുതിയ വീട്ടിലേക്ക് അമ്മയില്ല, സ്വപ്‌നങ്ങള്‍ ബാക്കിയാക്കി നിഷ മടങ്ങി

പുതുശേരിഭാഗം: പുതുശേരിഭാഗം ലക്ഷ്മി നിവാസില്‍ നിഷയുടെ പെട്ടെന്നുള്ള വേര്‍പാട് കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി. പറക്കമുറ്റാത്ത രണ്ട് മക്കളെയും ഭര്‍ത്താവിനെയും തനിച്ചാക്കി പുതിയ വീട്ടില്‍ ഒരു ദിവസം പോലും താമസിക്കാന്‍ കഴിയാതെ നിഷ യാത്രയായി.

കഴിഞ്ഞദിസം വാഹനാപകടത്തിലാണ് നിഷ മരിച്ചത്. എംസി റോഡില്‍ കിളിവയല്‍ ജംക്ഷനില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. കോട്ടമുഗളില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലെത്തി ജോലിക്കാര്‍ക്ക് കൂലി നല്‍കി തിരിച്ചു വരുമ്പോഴാണ് നിഷയുടെ സ്‌കൂട്ടറില്‍ കാറിടിച്ചത്.

നാട്ടുകാര്‍ ചേര്‍ന്ന് നിഷയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പന്തളം എന്‍എസ്എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്‌സിങ് ട്യൂട്ടറായിരുന്ന നിഷ ഇന്നലെ അവധിയെടുത്താണ് പുതിയ വീടിന്റെ നിര്‍മാണ കാര്യങ്ങള്‍ക്കായി പോയത്. അതിനിടെയാണ് വാഹനാപകടത്തിന്റെ രൂപത്തിലെത്തിയ മരണം നിഷയെ തട്ടിയെടുത്തത്.

പുതിയ വീട്ടില്‍ താമസിക്കണമെന്നത് നിഷയുടെ വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ എട്ടാംക്ലാസ്സുകാരനായ സൂര്യ ദേവിനും എല്‍കെജി വിദ്യാര്‍ത്ഥിയായ സൗരവിനും ഒപ്പം ഇനി പുതിയ വീട്ടിലേക്ക് അമ്മയില്ല. നിഷയുടെ ഭര്‍ത്താവ് ദക്ഷിണാഫ്രിക്കയിലാണ്.

നിഷയും മക്കളും നിഷയുടെ അച്ഛന്‍ രാമചന്ദ്രന്‍ നായര്‍ക്കൊപ്പമാണ് താമസം. ലോക്ഡൗണ്‍ ഇളവില്‍ വാഹനത്തിരക്ക് വര്‍ധിച്ചതോടെ എംസി റോഡില്‍ അപകടങ്ങള്‍ പതിവായി. ഏനാത്തിനും വടക്കടത്തുകാവിനും ഇടയില്‍ ഒരു മാസത്തിനിടെ ആറ് അപകടങ്ങള്‍ നടന്നു.

Exit mobile version