അത് ഗൽവാൻ അല്ല, ലേ; വിടി ബൽറാം ഉൾപ്പടെയുള്ളവർ ആഘോഷിക്കുന്ന ഇന്ദിര ഗാന്ധിയുടെ ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം എന്ത്? പുറത്തെത്തിച്ച് ഫാക്ട് ചെക്ക്

തൃശ്ശൂർ: ഇന്ത്യ-ചൈന സൈനികർ തമ്മിലുണ്ടായ ഗൽവാൻ വാലിയിലെ സംഘർഷത്തിനു പിന്നാലെ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഗൽവാൻ വാലിയിലെത്തിയ കാലത്തെ ചിത്രമെന്ന പേരിൽ ഒരു ഫോട്ടോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇന്ദിര ഗാന്ധി ഗൽവാൻ വാലിയിൽ വെച്ച് സൈനികരെ അഭിസംബോധന ചെയ്യുന്ന ചിത്രം എന്ന ക്യാപ്ഷനോടെ യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ ഉൾപ്പെടെ പ്രചരിച്ച ചിത്രത്തിന്റെ യഥാർത്ഥ്യം എന്നാൽ മറ്റൊന്നാണ് എന്ന് ഫാക്ട് ചെക്കുകളിൽ വ്യക്തമാകുന്നു.

ഗൽവാനിൽവെച്ച് ഇന്ദിരാഗാന്ധി സൈനികരെ അഭിസംബോധന ചെയ്യുന്നുവെന്ന രീതിയിൽ കോൺഗ്രസിന്റെ പേജുകളിൽ പങ്കുവെക്കപ്പെട്ട ചിത്രം യഥാർത്ഥത്തിൽ ഇന്ദിരാഗാന്ധി ലേയിൽ സൈനികരെ അഭിസംബോധന ചെയ്യുന്നതിന്റെതാണെന്ന് ടൈംസ് ഫാക്ട് ചെക്ക് വ്യക്തമാക്കുന്നു.

ഗൽവാൻ വാലിയിൽ സൈനികരെ അഭിസംബോധന ചെയ്യുന്ന എന്ന തരത്തിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ വസ്തുത ആർട്ട് ഷീപ്പ് എന്ന വെബ്‌പോർട്ടലിൽ കണ്ടെത്തിയിട്ടുണ്ട്. റിവേഴ്‌സ് ഇമേജ് സേർച്ചിലൂടെയാണ് ഈ ചിത്രത്തിന്റെ യാഥാർത്ഥ്യം ടൈംസ് ഫാക്ട് ചെക്ക് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ അപൂർവ്വായ ചിത്രങ്ങളിൽ ഒന്ന് എന്ന ക്യാപ്ഷനോടെയാണ് ഈ ചിത്രം നൽകിയിരിക്കുന്നത്. 1971 ൽ ലെയിൽവെച്ച് ജവാന്മാരെ ഇന്ദിരാഗാന്ധി അഭിസംബോധന ചെയ്യുന്നു എന്നത് കൃത്യമായി ഇതിൽ പറഞ്ഞിട്ടുണ്ട്. ജൂൺ 22 ന് തന്നെ ചിത്രത്തിന്റെ വസ്തുത ടൈംസ് ഫാക്ട് ചെക്ക് പുറത്ത് കൊണ്ടുവന്നിരുന്നു.

ഈ ചിത്രം വിടി ബൽറാം എംഎൽഎയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ‘ഇതിനേക്കാൾ ത്രസിപ്പിക്കുന്ന മറ്റൊരു ഫോട്ടോ ആ മലയിടുക്കുകൾക്കിടയിൽ നിന്ന് ഇന്നേവരെ ഉണ്ടായിട്ടില്ല’ എന്ന ക്യാപ്ഷനോടെയാണ് ബൽറാം ഈ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നത്.

Exit mobile version