ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കോവിഡ്, രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ, ആശങ്ക

ആലപ്പുഴ: ഒരു കുടുംബത്തിലെ16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിലാണ് സംഭവം. അടുത്തിടെ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ചെറുതന സ്വദേശിനികളായ 46 വയസുള്ള സ്ത്രീയും മകളും, കായംകുളം സ്വദേശികളായ 54 വയസുകാരന്‍, രണ്ടു യുവാക്കള്‍, രണ്ടു യുവതികള്‍, മൂന്നു പെണ്‍കുട്ടികള്‍ ഒരു ആണ്‍കുട്ടി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ഒരു കുടുംബത്തിലെ അംഗങ്ങള്‍.

ഇവരുള്‍പ്പെടെ ആലപ്പുഴയില്‍ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച 21 പേരില്‍ 12 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ജൂണ് 29നാണ് കായംകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം ഉയരുകയാണ്.

കഴിഞ്ഞദിവസം മാത്രം 27 പേര്‍ക്കാണ് ഇത്തരത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതും കഴിഞ്ഞദിവസമാണ്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും പൊന്നാനി താലൂക്കിലും ഗുരുതര സാഹചര്യമാണ്.

Exit mobile version