12 വര്‍ഷം തൂപ്പുകാരി; ഇന്ന് അതേ സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗം ഇംഗ്ലീഷ് അധ്യാപിക, മാതൃകയായി ലിന്‍സ

കാസര്‍ഗോഡ്: 12 വര്‍ഷം തൂപ്പുകാരിയായ ജോലി ചെയ്ത അതേ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായി വിധിയെ തിരുത്തിക്കുറിച്ച് ലിന്‍സ. അധ്യാപകനായിരുന്ന അച്ഛന്റെ ആകസ്മിക വേര്‍പാടാണ് ലിന്‍സയെ തൂപ്പുകാരിയാക്കി മാറ്റിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അവിടെ ഇംഗ്ലീഷ് അധ്യാപികയായി ശോഭിക്കുകയാണ് ലിന്‍സ.

കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ടീച്ചറാണ് ലിന്‍സ. ഇഖ്ബാല്‍ സ്‌കൂളിലെ സംസ്‌കൃതം അധ്യാപകന്‍ ആയിരുന്നു ലിന്‍സയുടെ അച്ഛന്‍ രാജന്‍. 2001 ല്‍ അദ്ദേഹം മരിച്ചതോടെ പകച്ചിരുന്ന കുടുംബത്തിന് സ്‌കൂള്‍ തണലായി. രാജന്‍ മാഷ് ജോലിയിലിരിക്കെ മരിച്ചതിനാല്‍ ആശ്രിതനിയമനം എന്ന രീതിയില്‍ മകള്‍ക്ക് ആ ജോലി നല്‍കാം എന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. അന്ന് ലിന്‍സ ബിഎ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. ബിഎ പാസാവാത്തതിനാല്‍ വിദ്യാഭ്യാസ യോഗ്യത കണക്കാക്കി നിയമനം കിട്ടുകയും ചെയ്തു.

കുടുംബത്തിന്റെ പ്രാരാബ്ധത്തില്‍ ലിന്‍സ സ്‌കൂളുകാര്‍ വാഗ്ദാനം ചെയ്ത തൂപ്പുജോലി സ്വീകരിച്ചു. സ്വീപ്പര്‍ പോസ്റ്റില്‍ ഉണ്ടായിരുന്ന ഒരാള്‍ അവധിക്ക് പോയപ്പോള്‍ ഉണ്ടായ ഒഴിവിലാണ് ലിന്‍സ ജോലിയില്‍ പ്രവേശിച്ചിരുന്നത്. നീണ്ട പന്ത്രണ്ട് വര്‍ഷം സ്‌കൂളും പരിസരവും വൃത്തിയാക്കി.

2006ല്‍ തൂപ്പുജോലി നഷ്ടമായതോടെ പഠനം പുനരാരംഭിച്ചു. 2008ല്‍ ബിഎഡ് പാസായി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ലൈബ്രറി സയന്‍സില്‍ ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും നേടി. ബിഎഡ് പാസായിക്കഴിഞ്ഞതോടെ, അണ്ണാമലൈ സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ പദ്ധതിക്ക് കീഴില്‍ എംഎ ഇംഗ്ലീഷിന് ചേര്‍ന്നു. സമാനകാലയളവില്‍ തന്നെ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ വിദൂരവിദ്യാഭ്യാസത്തിലൂടെ ലൈബ്രറി സയന്‍സില്‍ ബിരുദവും നേടി.

പഠനം പൂര്‍ത്തിയായശേഷം കാസര്‍ഗോട്ടെ ഒരു ലൈബ്രറിയില്‍ ഒന്നരവര്‍ഷക്കാലം ലൈബ്രേറിയനായി പ്രവര്‍ത്തിച്ചു. പിന്നീട് ചില സ്വകാര്യ സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപികയായി.

2012ല്‍ ഇഖ്ബാല്‍ സ്‌കൂള്‍ തൂപ്പുജോലിക്കായി ലിന്‍സയെ തിരിച്ച് വിളിച്ചു. അഞ്ച് വര്‍ഷത്തെ അധ്യാപികയുടെ റോളില്‍ നിന്ന് വീണ്ടും തൂപ്പുജോലിയിലേക്ക്. ഈ തിരിച്ചു വരവില്‍ ആ ജോലി ലിന്‍സയ്ക്ക് ഒട്ടും ഭാരമായി തോന്നിയില്ല. ഓരോ ജോലിക്കും അതിന്റേതായ മഹിമയുണ്ടെന്ന് ലിന്‍സ അതിനോടകം അനുഭവത്തില്‍ നിന്നും മനസിലാക്കിയിരുന്നു.

സ്‌കൂളിലെ പ്രധാന അധ്യാപികയായ പ്രവീണയുടെ നിര്‍ദേശപ്രകാരം പഠിച്ച് ടെറ്റും സെറ്റും നേടി. അങ്ങനെ 2018ല്‍ തൂപ്പു ജോലി ചെയ്തിരുന്ന അതെ സ്‌കൂളില്‍ അധ്യാപികയുടെ വേഷത്തില്‍ ലിന്‍സയെത്തി. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഏഴാം ക്‌ളാസിലെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനായി നിയമിച്ചു. ഒടുവിലിപ്പോള്‍ ഹയര്‍ സെക്കന്ററി അധ്യാപികയുടെ റോളിലാണ് ലിന്‍സ.

‘ജീവിതത്തില്‍ എനിക്ക് കിട്ടിയതത്രയും ഞാന്‍ ആഗ്രഹിച്ചു നേടിയവല്ല. എന്റെ നന്മയാഗ്രഹിക്കുന്നവര്‍ കാണിച്ചു തന്ന വഴിലൂടെ ഞാന്‍ നടന്നു. ഉള്ളിലെ ലക്ഷ്യം നല്ലതാണെങ്കില്‍ വിജയം നമ്മെ തേടി വരും. അത് മാത്രമാണ് എന്റെ വിജയത്തിനാധാരം,” ലിന്‍സ ടീച്ചര്‍ പറയുന്നു.

Exit mobile version