വന്ദേ ഭാരത് മിഷന്‍; പ്രവാസികളുമായി പതിനാല് വിമാനങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തും

കൊച്ചി: പ്രവാസികളുമായി പതിനാല് വിമാനങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തും. അബുദാബി, ഷാര്‍ജ, മസ്‌കറ്റ്, ദുബായ്, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നായി 22860 പ്രവാസികളാണ് ഇന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുക.

അതേസമയം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ചിക്കാഗോയില്‍ നിന്നുമുള്ള വിമാനങ്ങള്‍ ഡല്‍ഹി വഴിയാണ് കൊച്ചിയില്‍ എത്തിച്ചേരുക. കഴിഞ്ഞ ദിവസം പത്തൊമ്പത് വിമാനങ്ങളിലായി 3910 പ്രവാസികളാണ് നാട്ടിലെത്തിയത്.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ചിക്കാഗോയില്‍ നിന്ന് മുന്നൂറിലധികം യാത്രക്കാരുമായി വരുന്ന എയര്‍ ഇന്ത്യാ വിമാനം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഡല്‍ഹിയില്‍ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ട്. ലോക്ക് ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി അമേരിക്കയില്‍ കുടുങ്ങി പോയ സംവിധായകന്‍ സിദ്ദിഖ് യാത്രക്കാരില്‍ ഉള്‍പ്പെടുന്നു. വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ യുഎസില്‍ നിന്ന് നാല്‍പ്പത്തിയഞ്ച് സര്‍വീസുകള്‍ ഉണ്ടായപ്പോഴും കേരളത്തെ അവഗണിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ അടക്കം ആയിരത്തിലേറെ മലയാളികളായിരുന്നു വന്ദേ ഭാരത് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

Exit mobile version