നടപടി അധാർമ്മികം; ഒരു മുന്നണിയിലേക്കുമില്ലെന്ന് ചാഴിക്കാടൻ; എൽഡിഎഫിലേക്ക് ഇല്ലെന്ന് പറയാനാകില്ലെന്ന് ജയരാജ് എംഎൽഎ

കോട്ടയം: യുഡിഎഫിൽ നിന്നും ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയതിനു പിന്നാലെ ഉടൻ ഒരു മുന്നണിയിലേക്ക് പോകില്ലെന്ന് ജോസ് പക്ഷക്കാരനും കോട്ടയം എംപിയുമായ തോമസ് ചാഴിക്കാടൻ.

‘യുഡിഎഫ് നടപടി അധാർമ്മികമാണ്. ഏതെങ്കിലും ഒരു മുന്നണിയിലേക്ക് പെട്ടെന്ന് ചാടിപ്പോവുന്ന നിലപാടുണ്ടാവില്ല.’ യുഡിഎഫിന്റെ ഭാഗത്തു നിന്നുണ്ടായ തീരുമാനം യുക്തിസഹമല്ല, ധാർമ്മികവുമല്ലെന്നും തോമസ് ചാഴിക്കാടൻ പറഞ്ഞു.

അതേസമയം, തിരക്കു പിടിച്ച് ഒരു മുന്നണിയുടെയും ഭാഗമാകാനില്ലെന്ന് കാഞ്ഞിരപ്പള്ളി എംഎൽഎ എൻ ജയരാജും പറഞ്ഞു. സാഹചര്യം നന്നായി വിലയിരുത്തിയ ശേഷമേ മുന്നണി പ്രവേശനമുണ്ടാവൂവെന്നും അദ്ദേഹം വിശദീകരിച്ചു.

എൽഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാവില്ലെന്നും ചർച്ചകൾ നടക്കുന്നുണ്ട്. അനാഥമായി പോകുന്ന അവസ്ഥയിലൊന്നും പാർട്ടി പോവില്ലെന്നും എംഎൽഎ പറയുന്നു. രാഷ്ട്രീയ തീരുമാനങ്ങൾ അടുത്ത ദിവസങ്ങളിലെ വിലയിരുത്തലിലേ ഉണ്ടാവൂ. കർഷകരുടെയും കാർഷിക മേഖലയുടെയും മറ്റും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട നിലപാടുകൾ കേരള കോൺഗ്രസ്സിനുണ്ട്. ആരൊക്കെ തങ്ങളുടെ നിലപാടുകൾ അംഗീകരിക്കുന്നുവോ ആ സംവിധാനങ്ങളുമായി ചേർന്ന് മുന്നോട്ടു പോവുമെന്നും ജയരാജ് എംഎൽഎ പറഞ്ഞു.

Exit mobile version