ചാലിയാര്‍ കടക്കാന്‍ പാലമില്ല; ചങ്ങാടത്തില്‍ അക്കരയെത്തുന്നതിനിടെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

നിലമ്പൂര്‍: ചാലിയാര്‍ കടക്കാന്‍ പാലമില്ലാത്തതിനാല്‍ ആശുപത്രിയിലെത്താന്‍ വൈകി, ആദിവാസി യുവതി ചാലിയാറിന്റെ തീരത്തു പ്രസവിച്ചു. മുണ്ടേരി വനത്തില്‍ വാണിയംപുഴ കോളനിയിലെ ഇരുപത്തേഴുകാരി ബിന്ദുവാണ് ഇരുട്ടുകുത്തിക്കടവിനു സമീപം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രസവ വേദന അനുഭവപ്പെട്ടത്. വനം വകുപ്പിന്റെ സ്ട്രക്ച്ചര്‍ സംഘടിപ്പിച്ച് വനത്തിലൂടെ ഒന്നര കിലോമീറ്ററോളം ഏറ്റിയാണ് പുഴയുടെ അക്കരെ ഇരുട്ടുകുത്തി കടവിലെത്തിച്ചത്. ബിന്ദുവിന്റെ കുടുംബം താമസിക്കുന്ന സ്ഥലത്തേക്ക് വാഹനം എത്താന്‍ മാര്‍ഗമില്ല.

ചങ്ങാടത്തില്‍ യാത തുടങ്ങിയപ്പോഴേക്കും സ്ഥിതി വഷളായി. ഇതോടെ ഒപ്പമുണ്ടായിരുന്നവര്‍ തുണികൊണ്ട് മറയുണ്ടാക്കി പ്രസവമുറി ഒരുക്കി. പിന്നീട് ആംബുലന്‍സ് എത്തിയതോടെ ഒപ്പമുണ്ടായിരുന്ന നഴ്‌സ് പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റി ആംബുലന്‍സില്‍ കയറ്റി. പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം നിലമ്പൂര്‍ ജില്ലാശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ പാലം ഒലിച്ചുപോയതോടെ ഒറ്റപ്പെട്ടിരിക്കുകയാണ് മുണ്ടേരി വാണിയംപുഴ ആദിവാസി കോളനി.

Exit mobile version