കള്ളം പറഞ്ഞ് സൗജന്യ ക്വാറന്റൈൻ ഒപ്പിക്കേണ്ട; സർക്കാർ പിടിച്ചാൽ റവന്യൂ റിക്കവറി വരെ നേരിടേണ്ടി വരും; വീടുകളിലെ നിരീക്ഷണത്തിന് പ്രോത്സാഹനം

തിരുവനന്തപുരം: സൗജന്യ ക്വാറന്റൈന്ഡ കള്ളം പറഞ്ഞ് നേടാമെന്ന് കരുതിയവരുണ്ടെങ്കിൽ സൂക്ഷിക്കുക, റവന്യൂ റിക്കവറി വരെയാണ് ഇത്തരക്കാരെ സർക്കാർ വകയായി കാത്തിരിക്കുന്നത്. ഈ ദുരിത കാലത്ത് പണം കൊടുത്ത് ക്വാറന്റൈനിൽ കഴിയാൻ സാധിക്കാത്തവരെ സർക്കാർ സഹായിക്കും. ക്വാറന്റൈനുള്ള സ്ഥലവും ഭക്ഷണവും സർക്കാർ തന്നെ നോക്കിക്കോളും. പക്ഷെ, സാമ്പത്തികമായി വലിയ തരക്കേടില്ലാത്തവരും ഇല്ലാത്ത ദാരിദ്രം കാണിച്ച് സർക്കാരിനെ ബുദ്ധിമുട്ടിക്കുകയാണെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.

കൊവിഡ് രോഗികളുടെ എണ്ണവും പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചതും കാരണം സർക്കാർ ക്വാറന്റൈനിനുള്ള വ്യവസ്ഥകൾ കടുപ്പിച്ചിരിക്കുകയാണ്. കഴിവതും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനെയാണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്.

വീടുകളിൽ കുട്ടികളും 65 വയസ്സ് കഴിഞ്ഞവരും ഉണ്ടെങ്കിലോ ബാത്ത് അറ്റാച്ച്ഡ് മുറിയില്ലെങ്കിലോ പ്രവാസികൾക്ക് രണ്ടുവഴികൾ തെരഞ്ഞെടുക്കാം. ഒന്നെങ്കിൽ ഹോട്ടലിലോ ലോഡ്ജിലോ പണം നൽകി ക്വാറന്റൈനിൽ താമസിക്കാം. അല്ലെങ്കിൽ സാമ്പത്തിക പ്രശ്‌നമുള്ളവർക്ക് സർക്കാരിന്റെ സൗജന്യ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് പോകാം.

സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കോവിഡ് ജാഗ്രതാപോർട്ടലിൽ പാസിന് അപേക്ഷിക്കുമ്പോൾ തന്നെ ഏതുതരം ക്വാറന്റൈൻ വേണമെന്ന് രേഖപ്പെടുത്തണം. ഈ വിശദാംശങ്ങൾ അതത് ജില്ലയിലെ ജാഗ്രതാ കൺട്രോൾറൂമിലും തദ്ദേശ സ്ഥാപനങ്ങളിലും ലഭിക്കും.

തുടർന്ന്, ക്വാറന്റൈന് അപേക്ഷിച്ചയാളുടെ വീട്ടിലെ സൗകര്യങ്ങളെപ്പറ്റി ആരോഗ്യ, തദ്ദേശ വകുപ്പുകൾ റിപ്പോർട്ട് നൽകും. പെയ്ഡ് ക്വാറന്റൈനിൽ പോകുന്നർക്ക് സർക്കാരിന്റെ നിരീക്ഷണം മാത്രമേ ഉണ്ടാകൂ, ഭക്ഷണം ഉൾപ്പടെയുള്ള സൗജന്യങ്ങളൊന്നുമില്ല. ഹോട്ടലിലോ ലോഡ്ജിലോ പോകാൻ പണമില്ലാത്തവർക്കാണ് കൂടുതൽ പരിശോധന. തദ്ദേശസെക്രട്ടറിയും ഹെൽത്ത് ഇൻസ്‌പെക്ടർമാരും നൽകുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസറുടെ തുടരന്വേഷണവുമുണ്ട്. ഇതും അനുകൂലമായാലേ സൗജന്യ ക്വാറന്റൈൻ കിട്ടൂ. ഭക്ഷണവും താമസവുമൊക്കെ സർക്കാർ വകയാണ്.

വിദേശത്ത് നിന്നെത്തുന്നവർ വിമാനത്താവളത്തിൽ എത്തിയാൽ ക്വാറന്റൈൻ വിവരങ്ങൾ കൗണ്ടറിൽ അറിയിച്ചും പിപിഇ കിറ്റ് മാറ്റിയും യാത്ര തുടങ്ങാം. ബസ് സൗകര്യം ഉണ്ടാകും. വീടുകളിൽ നിന്നെത്തിക്കുന്ന സ്വകാര്യ വാഹനങ്ങൾ സ്വയം ഓടിച്ചും പോകാം. ഡ്രൈവറുടെ സഹായം തേടിയാൽ വാഹനമോടിച്ച ഡ്രൈവറും ക്വാറന്റൈനിൽ കഴിയണം. രോഗലക്ഷണമുള്ളവരെ ആംബുലൻസിൽ വിശദപരിശോധനയ്ക്ക് അയക്കും.

അതേസമയം, സർക്കാർ ക്വാറന്റൈനിൽ താമസിക്കുന്നയാൾ തെറ്റായ വിവരങ്ങൾ നൽകിയാണ് സൗജന്യം നേടിയതെങ്കിൽ ഇയാളിൽനിന്ന് ചെലവ് ഈടാക്കാനാണ് തീരുമാനം. ഇതിന് റവന്യൂ റിക്കവറി ആകാമെന്നുവരെ നിർദേശമുണ്ട്.

Exit mobile version