വാരിയംകുന്നന്‍ കറകളഞ്ഞ കോണ്‍ഗ്രസ്സുകാരനായിരുന്നു: പിറന്ന നാടിന്റെ മാനം കാക്കാന്‍ വെള്ളക്കാരുടെ മുന്നില്‍ തലകുനിച്ചില്ലെന്ന തെറ്റല്ലാതെ മറ്റൊരു തെറ്റും ചെയ്തിട്ടില്ല; കെടി ജലീല്‍

‘വാരിയന്‍കുന്നന്‍’ ചര്‍ച്ചകള്‍ കേരളത്തിലെ കലാ സാംസ്‌കാരിക മണ്ഡലത്തെ ചൂട് പിടിപ്പിച്ചിരിക്കുകയാണ്. അധിനിവേശ ശക്തികള്‍ക്കെതിരെ പീഡിത വര്‍ഗ്ഗത്തിന്റെ രോഷാഗ്നിയില്‍ രൂപംകൊണ്ട മലബാര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തില്‍ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘വാരിയന്‍കുന്നന്‍’ എന്ന ചിത്രവും പ്രമുഖ സംവിധായകന്‍ പി. ടി കുഞ്ഞുമുഹമ്മദിന്റെ ‘ഷഹീദ് വാരിയന്‍കുന്നന്‍’ എന്ന ചിത്രവും രംഗത്തെത്തിയതോടെയാണ് വിവാദത്തിന് തുടക്കമായത്. ദേശഭക്തിയും ചരിത്രവും ഇതിവൃത്തമാകുന്ന സിനിമകള്‍ മറ്റൊരര്‍ത്ഥത്തില്‍ ചരിത്രാന്വേഷണത്തിന്റെ പുതിയ കവാടങ്ങള്‍ തുറക്കുകയാണ്. പതിവ് രീതിയിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് അതീതമായി പലരുടെയും രോഗാതുരവും വികലവുമായ മാനസിക വൈകൃതങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഈ ചര്‍ച്ചകളില്‍ മുഴച്ചുനില്‍ക്കുന്നു എന്ന് നിസ്സംശയം പറയാം.

കേരളത്തിലെ പല യുഗ പുരുഷന്മാരും സിനിമകള്‍ക്ക് വിഷയീഭവിച്ചിട്ടുണ്ടെങ്കിലും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയുടെത് മാത്രം വിവാദമാക്കുന്നതിന്റെ ചിന്താപരിസരം പരിശോധിക്കപ്പെടേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ ആരായിരുന്നു കുഞ്ഞഹമ്മദാജി? നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഐതിഹ്യങ്ങളില്‍ ജീവിച്ച വീരപുരുഷനായിരുന്നില്ല അദ്ദേഹം. ഒന്ന് തിരിഞ്ഞു നോക്കിയാല്‍ നമ്മുടെ വിദൂരമല്ലാത്ത ഇന്നലെകളില്‍ ജീവിച്ച, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ട വീഥിയില്‍ മിന്നല്‍ പിണറായി അടര്‍ക്കളത്തില്‍ ഉറച്ചു നിന്ന ധീര യോദ്ധാവായിരുന്നു വാരിയന്‍കുന്നന്‍. സമാനതകളില്ലാത്ത വിധം ചെറുത്തുനില്‍പ്പിന്റെ വീരേതിഹാസം രചിച്ച് കേരളത്തിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ വരും തലമുറക്ക് ആത്മധൈര്യത്തിന്റെ ആവേശം പകര്‍ന്നു നല്‍കിയ ദേശാഭിമാനി ആയിരുന്നു അദ്ദേഹം.

വൈദേശികരായ ചൂഷക വര്‍ഗ്ഗം മണ്ണും വിളയും സ്വന്തമാക്കി തദ്ദേശിയരെ പീഡിപ്പിക്കുന്നതും അപമാനിക്കുന്നതും കാഴ്ചക്കാരനായി നോക്കി നില്‍ക്കാതെ പിറന്ന നാടിന്റെ മാനം കാക്കാന്‍ മലപ്പുറത്തെ കുന്നിന്‍ ചെരുവില്‍ പരസ്യമായി ബ്രിട്ടീഷ് പട്ടാളം വെടിവെച്ച് വീഴ്ത്തുന്നതുവരെ വെള്ളക്കാരുടെ മുന്നില്‍ തലകുനിച്ചില്ലെന്ന തെറ്റല്ലാതെ മറ്റൊരു തെറ്റും കുഞ്ഞഹമ്മദാജി ചെയ്തിട്ടില്ല.

വാരിയന്‍കുന്നന്റെ ജീവിതത്തെയും പോരാട്ടങ്ങളെയും വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും കണ്ണിലൂടെ കാണുകയും ചരിത്രത്തിലെ ഒരു സുവര്‍ണ്ണ അദ്ധ്യായത്തെ വിഷമയമാക്കുകയും ചെയ്യുന്ന തെറ്റായ പ്രവണതയോട് ചരിത്ര ബോധമുള്ള ആര്‍ക്കും യോജിക്കാന്‍ കഴിയില്ല.

1921ല്‍ മലബാറില്‍ നടന്ന വിപ്ലവം അതുവരെ നടന്നിട്ടുള്ള മറ്റു സമര പോരാട്ടങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. നൂറ്റാണ്ടുകളായി ഇടമുറിയാതെ ഒറ്റപ്പെട്ടും സംഘടിതമായും ഏറനാട് വള്ളുവനാട് പ്രദേശങ്ങളില്‍ നടന്നുവന്നിരുന്ന ജന്മിത്വ വിരുദ്ധ സമരങ്ങളെ തീക്ഷ്ണമാക്കുകയും ജനകീയമാക്കുകയും ചെയ്യുന്നതില്‍ മലബാറിലെ ഖിലാഫത്ത് പ്രക്ഷോഭം നിര്‍ണായക പങ്കുവഹിച്ചതായി കാണാം.
യുദ്ധമുറയിലും സ്വഭാവത്തിലും പങ്കാളിത്തത്തിലും ഇത് വ്യത്യസ്തത പുലര്‍ത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ പ്രധാനപ്പെട്ട ജനകീയ സമരങ്ങളില്‍ ഒന്നായി ചരിത്രകാരന്മാര്‍ ‘മലബാര്‍ കലാപത്തെ’ രേഖപ്പെടുത്തിയത് അതിന്റെ പ്രാധാന്യം പരിഗണിച്ചു കൊണ്ടുതന്നെയാണ്.

ജനിച്ച നാടിനോടുള്ള അടങ്ങാത്ത അഭിനിവേശവും കൂറും തുടിച്ചുനില്‍ക്കുന്ന നിസ്തുലമായ സംഭവ വികാസങ്ങള്‍ക്കാണ് അക്കാലത്ത് മലബാര്‍ സാക്ഷ്യം വഹിച്ചത്. ലഹളയുടെ ഗതി നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതില്‍ പ്രമുഖനായിരുന്നു വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജി.

1857 ലെ ഒന്നാം സ്വതന്ത്ര സമരത്തില്‍ ബഹദൂര്‍ഷാ സഫറിനുള്ള സ്ഥാനമാണ് മലബാറിലെ വൈദേശിക വിരുദ്ധ പ്രക്ഷോഭത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്. കഴിവും മിടുക്കും സ്വാധീനവും കൊണ്ട് അധികാരികളുടെ ഉറക്കം കെടുത്താന്‍ കുഞ്ഞഹമ്മദാജിക്ക് അധികം സമയം വേണ്ടി വന്നില്ല. മലബാറിലെ ഏറ്റവും
അപകടകാരിയായ പോരാളിയെന്ന് ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ വിശേഷിപ്പിച്ചതും വെറുതെയല്ല. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ എഫ്.ബി. ഇവാന്‍സിന്റെ നിരീക്ഷണം പ്രസക്തമാണ്; ‘ലഹളക്കാരില്‍ വെച്ച് അങ്ങേയറ്റം ആപല്‍കാരിയും സ്വാധീന ശക്തിയുള്ളവനുമാണ് കുഞ്ഞഹമ്മദാജി’.

ഒരു കര്‍ഷക കുടുംബത്തിലാണ് വാരിയംകുന്നന്‍ ജനിച്ചത്. എങ്കിലും ഉയര്‍ന്ന ചരിത്രബോധവും മത വിദ്യാഭ്യാസവും ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ കുടുംബം പതിറ്റാണ്ടുകളായി നടന്ന് വന്നിരുന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലെ സജീവസാന്നിധ്യമായിരുന്നു. കുടുംബത്തിലെ ചിലയാളുകള്‍ മുമ്പ് നടന്ന കാര്‍ഷിക കലാപങ്ങളില്‍ വീരമൃത്യു വരിച്ചതായി ചരിത്രത്തില്‍ വായിക്കാം. ഇത്തരം പോരാട്ടങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ധാരാളം നാടന്‍ പാട്ടുകള്‍ ആ കാലങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നു.

കോഴിക്കോട് കച്ചവട വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ഹാജി തന്റെ കര്‍മ്മകുശലത കൊണ്ടും ധീരത കൊണ്ടും സര്‍വ്വോപരി മറ്റുള്ളവരോടുള്ള ദയാവായ്പ് കൊണ്ടും ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചു. നീതിബോധവും സത്യസന്ധതയും സഹിഷ്ണുതയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.

1896 ല്‍ മഞ്ചേരിയില്‍ നടന്ന ചരിത്രപ്രസിദ്ധമായ കര്‍ഷക ലഹളയില്‍ വാരിയംകുന്നനും ബന്ധുക്കളും പങ്കെടുത്തിരുന്നു. എന്നാല്‍ അതിലെ പലരും ബ്രിട്ടീഷുകാരാല്‍ കൊല്ലപ്പെടുകയും ഹാജി രക്ഷപെടുകയുമാണുണ്ടായത്. മലബാറില്‍ സ്വാധീനം ഉറപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കുതന്ത്രങ്ങളുടെ മുനയൊടിക്കാന്‍ അദ്ദേഹത്തിന്റെ ചടുലമായ നീക്കങ്ങള്‍ക്ക് സാധിച്ചു. പക്ഷേ ഹാജിയെ കുറ്റവാളിയും കൊള്ളക്കാരനും വര്‍ഗീയവാദിയുമായി ചിത്രീകരിക്കുന്നതില്‍ കൊളോണിയല്‍ താല്‍പര്യങ്ങളോട് അരുചേര്‍ന്ന്നടന്ന ചരിത്ര രചയിതാക്കള്‍ ഒരു പരിധി വരെ വിജയിച്ചതായി കാണാം. കേവലം ഒരു ‘കവലചട്ടമ്പി’ യെന്ന രീതിയില്‍ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് നായകത്വം വഹിച്ച വാരിയംകുന്നനെ ചുരുക്കിക്കാട്ടാനുള്ള ശ്രമങ്ങള്‍ പല കോണുകളില്‍ നിന്നും അന്നും ഇന്നും നടക്കുന്നുണ്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നാഴികക്കല്ലായ മലബാര്‍ കലാപത്തെപ്പോലും വര്‍ഗ്ഗീയമായി ചിത്രീകരിക്കാന്‍ കൊണ്ടുപിടിച്ച് ഗൂഢശ്രമങ്ങള്‍ നടക്കുമ്പോള്‍ സമരനായകനും വക്രീകരിക്കപ്പെടുന്നതില്‍ അത്ഭുതപ്പെടാനില്ല.

വാരിയംകുന്നന്റെ ദേശസ്നേഹവും സമരാവേശവും സാമുദായിക മൈത്രിയും മനസ്സിലാക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് ഖിലാഫത്ത് ചരിത്രവും പശ്ചാത്തലവും അറിഞ്ഞിരിക്കുന്നത് നന്നാകും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും സംയുക്ത വേദിയായ ഭാരത മഹാജനസഭ 1920 മുതല്‍ സര്‍ക്കാറിനോട് നിസ്സഹകരിക്കുന്നതിനുള്ള ആഹ്വാനം നല്‍കിക്കഴിഞ്ഞിരുന്നു. ചെറുപ്പം തൊട്ടേ വെള്ളക്കാര്‍ക്കെതിരായിരുന്ന കുഞ്ഞഹമ്മദാജി ഈ കൂട്ടായ്മയുടെ അഭിവാജ്യ ഘടകമായി മാറിയത് സ്വാഭാവികം.

ഖിലാഫത്ത് യോഗങ്ങളില്‍ പങ്കെടുക്കുകയും മഹാത്മാ ഗാന്ധിയെപ്പോലെയുള്ള സ്വാതന്ത്ര്യസമര നേതാക്കളുടെ പ്രസംഗങ്ങളില്‍ ആവേശം കൊള്ളുകയും ചെയ്ത വാരിയംകുന്നന്‍ കറകളഞ്ഞ ഒരു കോണ്‍ഗ്രസ്സുകാരന്‍ കൂടിയായിരുന്നു. 1906 ല്‍ ഡാക്കയില്‍ സര്‍വ്വേന്ത്യാ മുസ്ലിംലീഗ് രൂപീകരിക്കപ്പെട്ടിരുന്നെങ്കിലും മലബാറിലെ മുസ്ലിം ജനവിഭാഗത്തില്‍ ഒരു സ്വാധീനവും ലീഗിനുണ്ടായിരുന്നില്ല. മത രാഷ്ട്രീയത്തോട് ഒരുഘട്ടത്തിലും സമരസപ്പെടാതെയാണ് മലബാര്‍ കലാപ നായകരായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയും ആലിമുസ്ല്യാരും ആദ്യം മുതല്‍ അവസാനം വരെ നിലകൊണ്ടത്. വര്‍ഗ്ഗീയ രാഷ്ട്രീയം വേണ്ടെന്നു വെച്ച് മതേതര രാഷ്ട്രീയത്തെ വരിച്ച ഇരുവരും ഹിന്ദു മുസ്ലിം ഭേദമന്യേ ഏറനാട്ടിലെ മുഴുവന്‍ ജനങ്ങളെയും ബ്രിട്ടീഷ്‌കാര്‍ക്കെതിരായ സമരഗോദയില്‍ അണിനിരത്താനുള്ള അശ്രാന്ത പരിശ്രമമാണ് നടത്തിയിരുന്നത്. ഖിലാഫത്തു നേതാക്കളുടെ സന്ദേശങ്ങളില്‍ സ്വാധീനിക്കപ്പെട്ട കുഞ്ഞഹമ്മദാജി പോലീസിന്റെ നിതാന്ത നിരീക്ഷണത്തിലായത് വെറുതെയായിരുന്നില്ല. അദ്ദേഹത്തിനെതിരെ നിരവധി കള്ളക്കേസുകള്‍ വെള്ളക്കാര്‍ കെട്ടിച്ചമച്ചു.

1920 ആഗസ്റ്റ് 18 ന് ഗാന്ധിജിയും ഷൗക്കത്തലിയും പങ്കെടുത്ത കോഴിക്കോട്ടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ വാരിയംകുന്നനെയും ചെമ്പ്രശ്ശേരി തങ്ങളെയും യോഗസ്ഥലത്തേക്ക് ആനയിച്ചത് ഹൈന്ദവരും മുസ്ലിങ്ങളും ഉള്‍പ്പെട്ട സന്നദ്ധ ഭടന്മാരായിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

ഹിന്ദുക്കളോടായാലും മുസ്ലിങ്ങളോടായാലും ഹാജിയുടെ സമീപനം അവര്‍ ബ്രിട്ടീഷ് വിരുദ്ധരാണോ അല്ലയോ എന്നു നോക്കിയായിരുന്നു. ബ്രിട്ടീഷ് അനുകൂലികളായ മുസ്ലിങ്ങളും ഹിന്ദുക്കളും അദ്ദേഹത്തിന്റെ കടുത്ത ശിക്ഷകള്‍ക്ക് വിധേയരായിട്ടുണ്ട്. മുസ്ലിം പക്ഷപാതിയും ഹിന്ദുവിരുദ്ധനുമാണെന്നാണല്ലോ അദ്ദേഹത്തിനെതിരെ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം.

വിശദമായ ചരിത്ര വായന നടത്തിയവര്‍ ആരും ഈ അഭിപ്രായത്തോട് യോജിക്കാനിടയില്ല. മുസ്ലിങ്ങള്‍ക്ക് അനുകൂലമായി ഒരു ഘട്ടത്തിലും പക്ഷം പിടിച്ചിട്ടില്ലാത്ത ഹാജി ബ്രിട്ടീഷ് അനുകൂലികളായ ധാരാളം മുസ്ലിങ്ങളെ വധിക്കാന്‍ ആജ്ഞയും നല്‍കിയിട്ടുണ്ട്.

അക്കാലത്തെ കോണ്‍ഗ്രസ്സ് നേതൃനിരയിലെ പ്രമുഖനായിരുന്ന മാധവന്‍ നായരുമായുള്ള വാരിയംകുന്നന്റെ സൗഹൃദവും കരുതലും പരസ്യമായ കാര്യമാണ്. ഹൈന്ദവന്റെ വീട് കൊള്ളയടിക്കുന്ന മുസ്ലിമിന്റെ കൈവെട്ടുമെന്ന് ഹാജി പ്രഖ്യാപിച്ചു. സമരക്കാരില്‍ ചില മുസ്ലിങ്ങള്‍ ഹിന്ദുക്കളെ അക്രമിക്കുന്നുണ്ടെന്ന് കേട്ട് അത് തടയുന്നതിന് മഞ്ചേരിയില്‍ നേരിട്ടെത്തി അദ്ദേഹം നേതൃത്വം നല്‍കി. ബ്രിട്ടീഷ് പട്ടാളത്തെ സഹായിച്ചവര്‍ എന്ന് സംശയിക്കുന്ന മാപ്പിളമാരുള്‍പ്പെടെയുള്ള ഏതാനും പേര്‍ കലാപ കാലത്ത് കുഞ്ഞഹമ്മദാജിയുടെ സൈന്യത്താല്‍ കൊല ചെയ്യപ്പെട്ടു എന്നത് ശരിയാണ്. അക്കൂട്ടത്തിലെ പ്രധാനി ആനക്കയത്തെ മുസ്ലിമായിരുന്ന ചേക്കുട്ടിയാണ്. വിരമിച്ച പോലീസുകാരന്‍ കൂടിയായിരുന്നു ബ്രിട്ടീഷുകാരില്‍ നിന്ന് ‘ഖാന്‍ബഹദൂര്‍’ പട്ടം കിട്ടിയ അദ്ദേഹം. കലാപകാരികളെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്തതിന്റെ പേരിലാണ് വാരിയംകുന്നന്റെ നേതൃത്വത്തില്‍ ചേക്കുട്ടിയെ കൊന്ന് തല കുന്തത്തില്‍ കുത്തി മഞ്ചേരിയിലേക്ക് ജാഥ നടത്തിയത്. ചാരന്‍മാരുടെ ഗതി ഏത് മതക്കാരായാലും ഇതാകും എന്ന് ബോദ്ധ്യപ്പെടുത്തലായിരുന്നു അതിന്റെ ഉദ്ദേശം.

കുഞ്ഞഹമ്മദാജി കൃത്യമായ പെരുമാറ്റ ചട്ടങ്ങളും നിയമാവലിയും ഉള്ള ഒരു സൈനിക വ്യൂഹത്തെ പരിശീലിപ്പിച്ചത് കൃത്യമായ കണക്കുകൂട്ടലോടെയായിരുന്നു. വാരിയന്‍കുന്നനെപ്പോലെ ഒരു പോരാളി ഇല്ലായിരുന്നുവെങ്കില്‍ മലബാര്‍ അടങ്ങുന്ന പ്രദേശത്തിന്റെ ചരിത്രഗതി തന്നെ മറ്റൊന്നാകുമായിരുന്നു. അത്രമേല്‍ അധികാര സ്വഭാവത്തോടെയാണ് ബ്രിട്ടീഷുകാര്‍ ഇവിടെയുള്ളവരെ കൈകാര്യം ചെയ്തിരുന്നതെന്ന് കെ. മാധവന്‍ നായര്‍ ‘മലബാര്‍കലാപ’ മെന്ന തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.

ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, എം.പി. നാരായണ മേനോന്‍ തുടങ്ങി സമരമുഖത്തുണ്ടായിരുന്ന ഒരാളും കുഞ്ഞഹമ്മദാജിയെ തള്ളിപ്പറഞ്ഞതായി ചരിത്രത്തിലെവിടെയുമില്ല. ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ‘ഖിലാഫത്ത് സ്മരണകള്‍’ ഡോ: കെ.പി.എസ് മേനോന്‍ എഴുതിയ ‘മലബാര്‍കലാപം; എം.പി. നാരായണ മേനോനും സഹപ്രവര്‍ത്തകരും’ എന്നീ പുസ്തകങ്ങള്‍ ഉദാഹരണങ്ങളാണ്.

മാപ്പിള ലഹളയെന്ന് ബ്രിട്ടീഷുകാര്‍ വിളിച്ചാക്ഷേപിച്ച സാമ്രാജ്യത്വ വിരുദ്ധ സമരത്തെ വിമര്‍ശനാത്മകമായി വിശകലനം ചെയ്ത കെ. മാധവന്‍ നായരുടെ
‘മലബാര്‍ കലാപം’ എന്ന പുസ്തകത്തില്‍ പോലും വാരിയംകുന്നനെ മോശക്കാരനോ ഹിന്ദു വിരുദ്ധനോ ആയി ചിത്രീകരിക്കുന്നില്ല. 1921 ലെ ‘മാപ്പിളലഹള’യുടെ കേന്ദ്രങ്ങളിലൊന്നായിരുന്ന കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിയും മുന്‍കാല അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവും കമ്യൂണിസ്റ്റുകാരനുമായിരുന്ന കമ്പളത്ത് ഗോവിന്ദന്‍ നായര്‍ തന്റെയും കുടുംബത്തിന്റെയും അനുഭവ സാക്ഷ്യങ്ങളെ മുന്‍നിര്‍ത്തി 1936-37 കാലത്ത് എഴുതിയ കവിതയില്‍ മലബാര്‍ കലാപത്തിന്റെ കാര്യകാരണങ്ങള്‍ മനോഹരമായി വിശകലനം ചെയ്യുന്നുണ്ട്.

‘നമ്മളുണ്ടാക്കിയ നെല്ല് ജന്‍മിമാരെ തീററാന്‍ സമ്മതിക്കാത്തതും നമ്മുടെ കാശ് ഇംഗ്ലണ്ടിലേക്കയക്കാന്‍ കൂട്ടുനില്‍ക്കാത്തതുമാണ്’ കലാപത്തിന്റെ കാരണങ്ങളെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. വാരിയംകുന്നനെ ഗോവിന്ദന്‍ നായര്‍ കവിതയില്‍ പ്രകീര്‍ത്തിക്കുന്നുമുണ്ട്. ഇതു പ്രസിദ്ധീകരിച്ചതിനാണ് 1944 ല്‍ ദേശാഭിമാനി ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയത്. കേരളീയ സംസ്‌കാരത്തെ സൂക്ഷ്മ നിരീക്ഷണം നടത്തി ഗാനരചന നിര്‍വഹിച്ചിട്ടുള്ള പി. ഭാസ്‌കരന്‍ മാസ്റ്ററും മലബാറിലെ ഖിലാഫത്ത് സമരത്തെയും അതിലെ പോരാളികളെയും വാനോളം വാഴ്ത്തിയത് സ്മരണീയമാണ്.

മാധവന്‍ നായര്‍ കുഞ്ഞഹമ്മദാജിയുടെ വധത്തിനുശേഷമുള്ള സാഹചര്യം വിവരിക്കുന്നത് ഇങ്ങിനെയാണ്;
‘1922 ജനുവരി 20 ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വധശിക്ഷ നടപ്പിലാ യതോടെ മലബാര്‍ കലാപത്തിന് അന്ത്യം കുറിക്കപ്പെട്ടു. 1857 ലെ ശിപായി ലഹളക്ക് ശേഷം ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയില്‍ നടന്നിട്ടുള്ള സമരങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത് മലബാര്‍ കലാപമായിരുന്നു. കലാപത്തിന്റെ മുന്നണി പോരാളി കുഞ്ഞഹമ്മദ് ഹാജി ആയിരുന്നു. അക്രമ സമരത്തിലൂടെ ബ്രിട്ടീഷ് സര്‍ക്കാരിനെ അടിയറവ് പറയിക്കാം എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അഹിംസ കൊണ്ട് ഫലം ഇല്ലെന്ന് കരുതിയിരുന്ന അദ്ദേഹം അഹിംസ മാര്‍ഗം പിന്തുടര്‍ന്നില്ല. തന്റെ മതത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ഹാജി നടത്തിയ പോരാട്ടങ്ങളെ അപമാനകരമെന്ന് വിളിച്ച് കൂടാ. പ്രത്യാഘാതങ്ങള്‍ എന്ത് തന്നെ ആയാലും അദ്ദേഹത്തിന് ചില ഉറച്ച ധാരണകകള്‍ ഉണ്ടായിരുന്നു. അവക്ക് വേണ്ടി ജീവന്‍ വെടിയാനും അദ്ദേഹം ഒരുക്കമായിരുന്നു. അത്തരത്തിലുള്ള ആളുകള്‍ ലോകത്ത് ആദരിക്കപ്പെടുക തന്നെ ചെയ്യും’. ബ്രിട്ടീഷ് ഒദ്യോഗിക രേഖകളും വിദേശികളും സ്വദേശികളുമായ റവന്യൂ പോലീസ് സംവിധാനങ്ങളുടെ ഭാഗമായിരുന്ന ഉദ്യോഗസ്ഥരുമല്ലാതെ മറ്റാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയെ ദയാരഹിതനെന്നോ ചട്ടമ്പിയെന്നോ ഹിന്ദു വിരുദ്ധനെന്നോ ക്ഷേത്രാക്രമിയെന്നോ വിശേഷിപ്പിച്ചതായി പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ ആര്‍ക്കും ഇതുവരെയും ചൂണ്ടിക്കാണിക്കാനായിട്ടില്ല.

1921 ലെ മലബാര്‍ കലാപത്തെ ഗാന്ധിജിയും അംബേദ്കറും തള്ളിപ്പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാണ് രാജ്യത്ത് നടന്ന ഉജ്ജ്വലമായ ഒരു സാമ്രാജ്യത്വ വിരുദ്ധ സമരത്തെ ഇകഴ്ത്തിക്കാണിക്കാന്‍ ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി ശ്രമിക്കുന്നത്. അഹിംസയിലധിഷ്ഠിതമായ സമരങ്ങളെ മാത്രമേ ഗാന്ധിജി അംഗീകരിച്ചിരുന്നുള്ളൂ. ഭഗത് സിംഗിന്റെ നിലപാടുകളോട് ഒരു ഘട്ടത്തിലും മഹാത്മജി യോജിച്ചിരുന്നില്ല. ഭഗത് സിംഗിനെ തൂക്കിലേറ്റാന്‍ തീരുമാനിച്ച ബ്രിട്ടീഷ് നടപടിക്കെതിരായി കോണ്‍ഗ്രസ്സോ മഹാത്മാ ഗാന്ധിയോ ഒരക്ഷരം ഉരിയാടിയിരുന്നില്ലെന്നതും ആരും മറന്നു പോകരുത്. ഭഗത് സിംഗിന്റെ വിപ്ലവ ചെയ്തികളെ ഗാന്ധിജി തള്ളിപ്പറഞ്ഞതിന്റെ പേരില്‍ ഭഗത് സിംഗോ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളോ ചരിത്രത്തില്‍ ഇടം പിടിക്കാതിരുന്നിട്ടില്ല. സമാന മാനദണ്ഡം വാരിയംകുന്നന്റെ കാര്യത്തിലും സ്വീകരിക്കപ്പെടേണ്ടതല്ലേ? നിസ്സഹകരണ പ്രസ്ഥാനം കൊടുമ്പിരികൊളളവെ നിരായുധരായ മനുഷ്യര്‍ക്കെതിരെ വെടിയുതിര്‍ത്ത പോലീസിനെതിരെയുള്ള അമര്‍ഷം അണപൊട്ടിയൊഴികിയപ്പോള്‍ പ്രകോപിതരായ ജനങ്ങള്‍ ചൗരിചൗരയിലെ പോലീസ് സ്റ്റേഷന് തീയിട്ടു. 22 പോലീസുകാരുള്‍പ്പടെ 25 പേരാണ് തല്‍ക്ഷണം വെന്തുമരിച്ചത്. പ്രസ്തുത സംഭവത്തെ തുടര്‍ന്നാണ് വളരെ മുന്നോട്ടു പോയിരുന്ന നോണ്‍ കോപ്പറേഷന്‍ മൂവ്മെന്റ് പൊടുന്നനെ ഗാന്ധിജി പിന്‍വലിച്ചത്. മഹാത്മജി അംഗീകരിച്ചില്ലെന്നതിന്റെ പേരില്‍ ചൗരിചൗര സംഭവം സ്വാതന്ത്യ സമരത്തിന്റെ ഭാഗമല്ലെന്ന് ഒരാളും പറഞ്ഞതായി നാം കേട്ടിട്ടില്ല. അതേ അളവുകോല്‍ മലബാര്‍ കലാപ കാര്യത്തിലും സ്വീകരിക്കലല്ലേ ന്യായം? ഗാന്ധിജിക്കും അംബേദ്കര്‍ക്കുമൊക്കെ ആരംഭഘട്ടം തൊട്ടേ മലബാറിലെ ഖിലാഫത്ത് സമരത്തോട് പുറംതിരിഞ്ഞ് നിന്ന കോഴിക്കോട്ടെ കോണ്‍ഗ്രസ്സ് നേതാക്കളില്‍ നിന്നാകുമല്ലോ സമരവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടാവുക. മലബാര്‍ സമരത്തെപ്പറ്റി അന്നുമുതലേ സംഘടിതമായി നടത്തപ്പെട്ടിരുന്ന തെറ്റായ പ്രചരണങ്ങളും ഇരുവരുടെയും തല്‍സംബന്ധമായ അഭിപ്രായപ്രകടനങ്ങളെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നതും വിസ്മരിച്ചുകൂടാ.

ലോകത്തെവിടെയും അരങ്ങേറിയ ചൂഷണ വിരുദ്ധവും അസംഘടിതവുമായ എല്ലാ വിപ്ലവങ്ങളിലും സമരങ്ങളിലും സംഭവിച്ച തെറ്റുകളും ആശയ ഭ്രംശങ്ങളും മലബാര്‍ കലാപ വേളയിലും ഉണ്ടായിട്ടുണ്ട്. അത് പക്ഷെ, സമര നേതാക്കളുടെയോ പോരാട്ടത്തിന്റെതു തന്നെയോ ആദര്‍ശങ്ങള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമായിരുന്നുതാനും. മലബാറിലെ ഖിലാഫത്ത് പ്രക്ഷോഭം ഒരു ഘട്ടം പിന്നിട്ടപ്പോള്‍ ചില സ്ഥലങ്ങളില്‍ മതാന്ധകരായ ക്രിമിനലുകളുടെയും സാമൂഹ്യ വിരുദ്ധരുടെയും ദുഷ്‌കൃത്യങ്ങള്‍കൊണ്ട് വികൃതമായിട്ടുണ്ടെന്നുള്ളത് ശരിയാണ്. അത്തരം ഹീന പ്രവൃത്തികളില്‍ കുറച്ചാളുകള്‍ക്ക് ജീവഹാനിയും നേരിട്ടുണ്ട്. വിരലിലെണ്ണാവുന്ന ബ്രിട്ടീഷ് അനുകൂലികളും കുടിയാന്‍ വിരുദ്ധരുമായിരുന്ന സവര്‍ണ്ണ ഹിന്ദു ജന്മികളുടെ വീടുകളും അവരുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളും അക്രമത്തിനിരയായതും നേരാണ്. വിരലിലെണ്ണാവുന്ന മതപരിവര്‍ത്തനങ്ങളും മതമെന്തെന്നറിയാത്ത ക്രിമിനല്‍ മാപ്പിളമാരില്‍ നിന്ന് ഹൈന്ദവ സഹോദരങ്ങള്‍ക്ക് നേരിടേണ്ടിയും വന്നിട്ടുണ്ട്. എന്നാല്‍ അത്തരം മനുഷ്യത്വ രഹിതമായ തോന്നിവാസങ്ങള്‍ ആലിമുസ്ല്യാരോ വാരിയംകുന്നത് കുഞ്ഞഹമ്മദാജിയോ അറിയപ്പെടുന്ന സമര നേതാക്കളാരെങ്കിലുമോ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, അതിനെ ശക്തമായി അപലപിക്കുകയും തങ്ങളുടെ മുന്നിലെത്തിയ അത്തരം പരാതികളില്‍ കര്‍ക്കശ ശിക്ഷ ബന്ധപ്പെട്ടവര്‍ക്ക് നല്‍കുകയും ചെയ്തതിന് വ്യക്തമായ തെളിവുകളുണ്ട്. അവ സൂക്ഷ്മ നിരീക്ഷണം നടത്താതെ 1921 ല്‍ ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ നടന്ന ഖിലാഫത്ത് ലഹളയെ അപഗ്രഥിക്കുക സാദ്ധ്യമല്ല. എന്നാല്‍ അത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ക്ക് അമിത പ്രധാന്യം നല്‍കി പര്‍വ്വതീകരിച്ച് മലബാറില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ സായുധ പോരാട്ടത്തെയും അതിനു നേതൃത്വം നല്‍കിയ ധീരന്‍മാരായ ദേശസ്നേഹികളെയും പിറന്ന മണ്ണിനോടുള്ള കൂറും പ്രത്യയശാസ്ത്ര പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിച്ച് ആ വിമോചന മുന്നേറ്റത്തില്‍ പങ്കാളികളായ സാധുക്കളായ മനുഷ്യരേയും ഭല്‍സിക്കുന്നത് ചരിത്രത്തോടു ചെയ്യുന്ന മഹാപരാധമായിരിക്കും.

ഉല്‍കൃഷ്ടമായ ഒരു ലക്ഷ്യം ഖിലാഫത്ത് പ്രക്ഷോഭകര്‍ക്കുണ്ടായിരുന്നുവെന്ന സത്യം ബോദ്ധ്യപ്പെട്ടത്കൊണ്ട് തന്നെയാകുമല്ലോ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ സ്ഥാപകനും വിശ്വപ്രസിദ്ധനുമായ വൈദ്യരത്നം പി.എസ്. വാര്യര്‍ കലാപകാരികള്‍ക്ക് തന്നാലാവുന്ന സഹായങ്ങള്‍ നല്‍കിയത്. ലഹളക്കാരുടെ നേതാക്കളെ കാണണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചെന്നറിഞ്ഞ് അവിടെയെത്തിയ സമര നേതാക്കള്‍ പി.എസ് വാര്യരുമായി സുദീര്‍ഘം സംസാരിച്ചതും അവര്‍ക്ക് ചായ നല്‍കിയതും മടങ്ങിപ്പോകുമ്പോള്‍ 500 രൂപയും നെല്ലിന്‍ ചാക്കുകളും സംഭാവന നല്‍കിയതും കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ പ്രസിദ്ധീകരണ വിഭാഗം പ്രസിദ്ധീകരിച്ച വൈദ്യരത്നത്തിന്റെ ജീവചരിത്രത്തില്‍ കാണാം. സമരക്കാരുടെ വിഹാരഭൂമിയായിരുന്നിട്ട് പോലും ആര്യവൈദ്യശാലയുടെ ഒരോടിന് പോലും കലാപവേളയില്‍ നാശം സംഭവിച്ചില്ലെന്നത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. തന്റെ സ്ഥാപനം അക്രമിക്കപ്പെടുമെന്ന ഭയം കൊണ്ടായിരിക്കും പി.എസ് വാര്യര്‍ സംഭാവന നല്‍കിയതെന്നാണ് മറുവാദമെങ്കില്‍ എന്തിനായിരുന്നു കലാപാനന്തരം കഷ്ടപ്പെടുകയും പട്ടിണി കിടക്കുകയും ചെയ്ത മാപ്പിളമാര്‍ക്കായി അടിയന്തിര സഹായം നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് അധികാരികള്‍ക്ക് പി.എസ്. വാര്യര്‍ കത്തെഴുതിയത്? ഭാരതീയ സേവാ സംഘം പ്രസിഡണ്ട് ജി.കെ. ദേവ്ധര്‍ വാര്യരെ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോട്ടക്കലെത്തിയപ്പോള്‍ ‘നിങ്ങളുടെ ആശ്വാസ നടപടികള്‍ ഹിന്ദുക്കള്‍ക്ക് മാത്രം പോരെന്നും കൊടിയ വിഷമതകള്‍ ബാധിച്ചിട്ടുള്ള മാപ്പിള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടി നല്‍കേണ്ടതാണെന്നും, നിരാലംബരായ അവരെ സംരക്ഷിക്കേണ്ടത് ധര്‍മ്മം മാത്രമാണെന്നും’ അദ്ദേഹം എന്തിനാണ് പറഞ്ഞത്? സംശയമുള്ളവര്‍ക്ക് ആര്യവൈദ്യശാല പ്രസിദ്ധീകരിച്ച പി.എസ്. വാര്യരുടെ ജീവചരിത്രം പരിശോധിക്കാവുന്നതാണ്. ദേവ്ധര്‍ തന്നെ ഇക്കാര്യം ബോംബെയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘Times of India’ എന്ന പത്രത്തില്‍ മലബാര്‍ കലാപത്തെക്കുറിച്ചെഴുതിയ ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇന്നലെകള്‍ പുനര്‍വായിക്കപ്പെടുന്നത് പറ്റിയ പിശകുകള്‍ ആവര്‍ത്തിക്കാനല്ല; മറിച്ച് മനുഷ്യസഹജത കൊണ്ട് സംഭവിച്ച അത്തരം അബദ്ധങ്ങള്‍ തിരുത്തി, സൗഹൃദം കാത്തുസൂക്ഷിച്ച് മുന്നോട്ടു പോകാനാണ്.

കാര്യങ്ങളുടെ വസ്തുതാപരമായ വിശകലനത്തില്‍ നിന്ന് തെന്നി വര്‍ഗ്ഗീയ – രാഷ്ട്രീയ താല്‍പര്യങ്ങളും അന്ധമായ ചരിത്ര വിരോധവും സൃഷ്ടിക്കുന്ന സാമുദായിക ധ്രുവീകരണതിന്റെ അപകടകരമായ പരിണിതികളെ കേരളത്തിന്റെ സാംസ്‌കാരിക പരിസരം വളരെ ഗൗരവമായിത്തന്നെ കാണണം. മലബാര്‍, മലപ്പുറം എന്നൊക്കെ കേള്‍ക്കുമ്പോഴേക്കും വര്‍ഗീയതയുടെ ഈറ്റില്ല മെന്ന ബ്രിട്ടീഷ് ചരിത്ര വ്യാഖ്യാനത്തെ സംശയങ്ങളേതുമില്ലാതെ വിഴുങ്ങുന്നവരും, മതവൈരം ജനങ്ങള്‍ക്കിടയില്‍ രൂഢമൂലമാക്കി നിലനിര്‍ത്താന്‍ ഉല്‍സുകരായ അവരുടെ പാദസേവകരും വാരിയംകുന്നനെന്ന ധീരനായ ബ്രിട്ടീഷ് വിരുദ്ധ പോരാളിയെ സത്യസന്ധമായി വിലയിരുത്തിക്കൊള്ളണമെന്നില്ല. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ കുടില തന്ത്രം അതേപടി പകര്‍ത്തുന്നവര്‍ അധിനിവേശ ശക്തികളുടെ അധികാര താല്‍പര്യങ്ങളുടെ പിന്മുറക്കാരല്ലാതെ മറ്റാരാണ്? അത്തരം അബദ്ധജടിലമായ വിശകലനങ്ങള്‍ രാജ്യത്തിന്റെ അടിസ്ഥാന ബഹുസ്വര മൂല്യങ്ങളെ തുരങ്കം വെക്കാന്‍ മാത്രമേ ഉപകരിക്കൂ. ഒരു കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പോലും നിഷേധിക്കുന്ന ഇത്തരം ഫാഷിസ്റ്റ് മനോഭാവങ്ങളെ സമൂഹം തള്ളിക്കളയുകയാണ് വേണ്ടത്. ഇന്ത്യയില്‍ നടന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ ഒറ്റുകാരായി നിന്ന് ബ്രിട്ടീഷുകാരുടെ അടുത്തൂണ്‍ പറ്റി ജീവിച്ചവരാണ് എക്കാലത്തും ചരിത്രവിരുദ്ധമായ പ്രചാരണങ്ങളുടെ മുന്‍നിരയില്‍ എന്നത് കേവല യാദൃച്ഛികതയായി കാണരുത്.

ലോകത്തിന്റെ നാലില്‍ ഒരു ഭാഗം അടക്കി വാണിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ചെറുത്തുനില്‍പ്പിന്റെ കോട്ടകള്‍ തീര്‍ത്ത് അഞ്ചു മാസത്തേക്കാണെങ്കില്‍ പോലും ഒരു ‘മലയാള രാജ്യം’ സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലെയുള്ള ധീര ദേശാഭിമാനികളെ സത്യസന്ധമായി ഓര്‍ത്തെടുക്കുന്നതും ആവിഷ്‌കരിക്കുന്നതും കാലത്തോട് ചെയ്യുന്ന നീതി മാത്രമാണ്. സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് ചരിത്രത്തെ വക്രീകരിക്കുകയും പ്രതിലോമപരമായ ചരിത്ര നിര്‍മിതി ഔദ്യോഗികമായിത്തന്നെ ആസൂത്രിതമായി നടത്തപ്പെടുകയും ചെയ്യുന്ന വര്‍ത്തമാന സാഹചര്യത്തില്‍ വാരിയന്‍കുന്നന്റെ ചരിത്രത്തോട് നീതിപുലര്‍ത്തുന്ന വിപ്ലവകരമായ ഉദ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. വര്‍ഗീയതയുടെ മേമ്പൊടി ചേര്‍ത്തു കുഴച്ച് വാര്‍ത്തെടുക്കുന്ന ചരിത്ര നിര്‍മിതി അധിനിവേശ ശക്തികളുടെ ഏറ്റവും വലിയ ആയുധമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. പൃഥ്വിരാജും ആഷിക് അബുവും ഒരുമിച്ചു ചേര്‍ന്ന് നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ഇരുട്ടിന്റെ ശക്തികളെ തിരസ്‌കരിക്കാനുള്ള വിളക്കുമാടങ്ങളാകട്ടേ എന്ന് നമുക്കാശിക്കാം.

Exit mobile version