കൊവിഡിന് പിന്നാലെ പത്തനംതിട്ടയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

പത്തനംതിട്ട: കൊവിഡ് 19 വൈറസിന് പിന്നാലെ പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ നാലിരട്ടിയിലേറെ വര്‍ധനവാണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഈ വര്‍ഷം ഇതുവരെ 400 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. കോന്നിയിലെ കൂടലില്‍ പനി ബാധിച്ച് ഒരാള്‍ മരിക്കുകയും ചെയ്തു. അതേസമയം കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചത് 87 പേര്‍ക്കാണ്. വെച്ചൂച്ചിറ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. ഇവിടെ 139 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഇലന്തൂരിലും കോന്നിയിലും ചാത്തങ്കരിയിലും ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുതലാണ്. മലയോര മേഖലയില്‍ ടാപ്പിങ്ങ് ഇല്ലാതെ കിടക്കുന്ന റബര്‍തോട്ടങ്ങള്‍, ആള്‍ത്താമസമില്ലാത്ത വീടുകള്‍, തുറസായ സ്ഥലത്ത് അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് എന്നിവിടങ്ങളിലാണ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പാക്കുന്ന തോട്ടങ്ങളിലേക്ക് നീങ്ങാം എന്ന ക്യാംപയിനും ആരംഭിച്ചിട്ടുണ്ട്.

Exit mobile version