സംസ്ഥാനത്ത് ഏത് നിമിഷവും സമൂഹ വ്യാപനം ഉണ്ടായേക്കാം; ആശങ്ക പങ്കുവെച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഏതു നിമിഷവും സമൂഹ വ്യാപനമുണ്ടായേക്കാമെന്ന ആശങ്ക പങ്കുവെച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ വര്‍ധിക്കുന്നുണ്ടെന്നും ജാഗ്രത തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ആശങ്ക പങ്കുവെച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ തലസ്ഥാനം ഉള്‍പ്പെടെ ആറു ജില്ലകളില്‍ ജാഗ്രത കര്‍ശനമാക്കുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ കൂടുതലും തിരുവനന്തപുരത്തേക്കാണ് എത്തുന്നത്. ഇതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ അതീവ ജാഗ്രത വേണമെന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വഞ്ചിയൂര്‍ സ്വദേശി രമേശിന് കൊവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരത്ത് സ്ഥിതി ആശങ്കാജനകമാണെന്നും എന്നാല്‍ സമൂഹ വ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്നും കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ നവ്ജ്യോത് സിംഗും വ്യക്തമാക്കി. ജില്ലയില്‍ പരിശോധന ശക്തമാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. നഗരസഭാ പരിധിയില്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പരിശോധന നടത്തുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version