കൊറോണയെക്കാള്‍ മാരകമായ വൈറസ് വാഹകര്‍, മാധ്യമത്തിനെതിരെ മന്ത്രി കെടി ജലീല്‍

മലപ്പുറം: കൊവിഡ് 19 വൈറസ് ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു കഴിഞ്ഞദിവസം മാധ്യമം ദിനപത്രം പുറത്തിറങ്ങിയത്. സംഭവം ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മാധ്യമത്തിനെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

പ്രവാസികളെ തിരികെ എത്തിക്കുന്നതിന് ഇനിയും എത്ര പേര്‍ മരിക്കണമെന്ന തലക്കെട്ടോട് കൂടി വന്ന വാര്‍ത്തയില്‍ മാധ്യമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി കെടി ജലീല്‍. കേരളത്തിലെ നിരവധി മത സമുദായ സാമൂഹ്യ രാഷ്ട്രീയ സംഘടനകള്‍ക്ക്, പ്രത്യേകിച്ച് ജമാഅത്തെ ഇസ്ലാമിക്കും അവരുടെ പ്രസിദ്ധീകരണങ്ങളായ മാധ്യമത്തിനും മീഡിയ വണ്‍ ചാനലിനും ഗള്‍ഫ് നാടുകളിലെ ഭരണാധികാരികളില്‍ നിന്നും ഉദാരമതികളായ അറബ് പൗരന്‍മാരില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായത്തിന് കയ്യും കണക്കുമില്ല.

ഇന്നത്തെ മാധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ച മരിച്ച മലയാളികളുടെ ഓരോ ചിത്രവും തുറിച്ച് നോക്കുന്നത് ഗള്‍ഫ് ഭരണാധികാരികളുള്‍പ്പടെയുള്ള പല ഭരണകര്‍ത്താക്കളുടെയും മുഖത്തേക്കാണെന്നല്ലേ ആര്‍ക്കും തോന്നുക? ഒരു സന്നിദ്ധഘട്ടത്തില്‍ തങ്ങളെ കയ്യൊഴിഞ്ഞ മദ്ധ്യപൗരസ്ത്യ രാജ്യങ്ങളുള്‍പ്പടെയുള്ള അറബ് സമൂഹത്തോടും അറബേതര സമൂഹത്തോടുമാണ് ആ കണ്ണുകളിലെ മുഴുവന്‍ രോഷവുമെന്നല്ലേ ഏതൊരാള്‍ക്കും അനുഭവപ്പെടുക? എന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ മന്ത്രി ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കൊറോണയെക്കാള്‍ മാരകമായ
വൈറസ് വാഹകര്‍
ഇന്നത്തെ (24.6.2020) മാധ്യമം ദിനപത്രത്തിന്റെ ഗള്‍ഫ് എഡിഷനുകളുടെയും കേരള എഡിഷനുകളുടെയും ഒന്നാം പേജാണ് ചുവടെ ഇമേജായി ചേര്‍ത്തിരിക്കുന്നത്. ഗള്‍ഫ് ഉള്‍പ്പടെ വിവിധ വിദേശ രാജ്യങ്ങളില്‍ (ഗള്‍ഫിലാണ് ഭൂരിഭാഗവും) കൊവിഡ് ബാധയെ തുടര്‍ന്ന് ചികില്‍സ കിട്ടാതെയും, ആഹാരം ലഭിക്കാതെയും, വിദേശ നാടുകളിലെ ദുരിതഭൂമിയില്‍ നിന്ന്, സൗകര്യങ്ങള്‍ നിര്‍ലോഭമുള്ള കേരളത്തിലെത്താന്‍ കഴിയാത്തതിലെ മനോവിഷമം സഹിക്കവയ്യാതെയും ഹൃദയം പൊട്ടി മരിച്ചവരെന്ന് വരികള്‍ക്കിടയില്‍ പറഞ്ഞാണ് കാലത്തിന്റെ മറുതീരം പൂകിയവര്‍ക്ക് ”മാധ്യമം’ ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്. മരണമടഞ്ഞവരുടെ ഫോട്ടോകള്‍ സഹിതം പ്രസിദ്ധപ്പെടുത്തിയ മാധ്യമം ദിനപത്രം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ തത്രപ്പാടില്‍ മറന്നുപോയ ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്താനാണ് ഈ കുറിപ്പ്.

കേരളത്തെ കേരളമാക്കിയതില്‍ ഗള്‍ഫ് പണത്തിനുള്ള പങ്ക് ചെറുതല്ല. കേരളത്തിലെ നിരവധി മത സമുദായ സാമൂഹ്യ രാഷ്ട്രീയ സംഘടനകള്‍ക്ക്, പ്രത്യേകിച്ച് ജമാഅത്തെ ഇസ്ലാമിക്കും അവരുടെ പ്രസിദ്ധീകരണങ്ങളായ മാധ്യമത്തിനും മീഡിയ വണ്‍ ചാനലിനും ഗള്‍ഫ് നാടുകളിലെ ഭരണാധികാരികളില്‍ നിന്നും ഉദാരമതികളായ അറബ് പൗരന്‍മാരില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായത്തിന് കയ്യും കണക്കുമില്ല. ഇന്നത്തെ മാധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ച മരിച്ച മലയാളികളുടെ ഓരോ ചിത്രവും തുറിച്ച് നോക്കുന്നത് ഗള്‍ഫ് ഭരണാധികാരികളുള്‍പ്പടെയുള്ള പല ഭരണകര്‍ത്താക്കളുടെയും മുഖത്തേക്കാണെന്നല്ലേ ആര്‍ക്കും തോന്നുക? ഒരു സന്നിദ്ധഘട്ടത്തില്‍ തങ്ങളെ കയ്യൊഴിഞ്ഞ മദ്ധ്യപൗരസ്ത്യ രാജ്യങ്ങളുള്‍പ്പടെയുള്ള അറബ് സമൂഹത്തോടും അറബേതര സമൂഹത്തോടുമാണ് ആ കണ്ണുകളിലെ മുഴുവന്‍ രോഷവുമെന്നല്ലേ ഏതൊരാള്‍ക്കും അനുഭവപ്പെടുക?

പിടിച്ചു നിര്‍ത്താവുന്നതിന്റെ ഒരു ഘട്ടം കഴിഞ്ഞാല്‍ ലോകത്തെവിടെയും സംഭവിക്കുന്നതേ ഗള്‍ഫിലും മറ്റു രാജ്യങ്ങളിലും സംഭവിച്ചിട്ടുള്ളൂ. പിണറായി വരുദ്ധ തിമിരം ബാധിച്ച് കണ്ണിനും മനസ്സിനും അന്ധത ബാധിച്ച ജമാഅത്തെ ഇസ്ലാമി, ഇന്ത്യയുടെ തലസ്ഥാന നഗരിയിലേക്ക് ഒന്ന് നോക്കണം. അവിടെ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞപ്പോള്‍ ഒരിറ്റുശ്വാസം വലിക്കാന്‍ പെടാപ്പാട് പൊടുന്നവര്‍ക്കായി താല്‍ക്കാലിക വെന്‍ഡിലേറററുകള്‍ അവരുടെ വീടുകളില്‍ എത്തിച്ചു നല്‍കുന്ന കാഴ്ച എന്തുമാത്രം ഹൃദയഭേദകമാണ്. ഡല്‍ഹിയില്‍ മന്ത്രിമാര്‍ പോലും ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്.
തമിഴ്‌നാട്ടില്‍ ഒരു പ്രമുഖനായ ഡി.എം.കെ MLA കൊവിഡ് ബാധിച്ച് ഇതിനകം മരിച്ചു. അവിടുത്തെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും മരണത്തിനു കീഴടങ്ങിക്കഴിഞ്ഞു. നിയന്ത്രണം വിട്ടാല്‍ ഏതു നിമിഷവും ഈ സ്ഥിതി എവിടെയുമെത്താം. ഒരു നാടും ഒരു സമൂഹവും അതില്‍ നിന്ന് മുക്തരല്ല.

ജമാഅത്തെ ഇസ്ലാമിക്ക് കേരളത്തിലെ ഇടതു സര്‍ക്കാരിനോടുള്ള പക തീര്‍ക്കല്‍, ഇക്കാലമത്രയും മലയാളികള്‍ക്ക് മരുഭൂമിയില്‍ അന്നവും തണലും സുരക്ഷിതത്വവും മതിവരുവോളം പകര്‍ന്നു നല്‍കിയ ഗള്‍ഫ് രാജ്യങ്ങളെ അപമാനിച്ചു തന്നെ വേണമായിരുന്നോ?
അബൂദാബിയിലെ ബനിയാസ് ഖബര്‍സ്ഥാന്റെ ചിത്രം കൊടുത്ത് അവിടെ കാണുന്ന നൂറുകണക്കിന് മീസാന്‍ കല്ലുകള്‍ (കുഴിമാടം) ചൂണ്ടി ഇതെല്ലാം കോവിഡ് പിടിപെട്ട് ചികില്‍സ ലഭിക്കാതെ അറേബ്യന്‍ നാടുകളില്‍ ശ്വാസംമുട്ടി മരിച്ചവരുടേതാണെന്ന് വരുത്തിത്തീര്‍ത്ത്, വെല്‍ഫെയര്‍ പാര്‍ട്ടിക്കും അതിലൂടെ ലീഗിനും കോണ്‍ഗ്രസ്സിനും വോട്ടുണ്ടാക്കാന്‍ ‘മാധ്യമം’ പത്രം നടത്തിയ നീക്കം അങ്ങേയറ്റം ഹീനമാണ്. ആ രാജ്യങ്ങളില്‍ ഇപ്പോഴും ജോലി ചെയ്യുന്ന ലക്ഷോപലക്ഷം മലയാളികളുടെ കഞ്ഞിയില്‍ പൂഴിവാരിയിടാനേ ഇത്തരം നന്ദികേടുകള്‍ ഹേതുവാകൂ. അറേബ്യന്‍ സംസ്‌ക്കാരത്തെത്തന്നെയും താറടിച്ച് കാണിച്ച് ‘മാധ്യമം’ നടത്തിയ നീക്കം, അറബ് നാടുകളെക്കുറിച്ച് കേരളത്തിലെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മതിപ്പ് ഇല്ലാതാക്കാനല്ലാതെ മറ്റെന്തിനാണ് ഇടവരുത്തുക? അറബികളുടെ ഉപ്പും ചോറും തിന്ന് തടിച്ച് കൊഴുത്ത ജമാഅത്തെ ഇസ്ലാമി പാല് കൊടുത്ത കൈക്കുതന്നെ തിരിഞ്ഞു കൊത്തിയിരിക്കുകയാണ്. അറബ് ജനതയുടെയും ഭരണാധികാരികളുടെയും മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പുന്നതിന് സമാനമായിപ്പോയി കൊവിഡ് പിടിച്ച് മരിച്ചവരുടെ സ്റ്റാമ്പ് സൈസ് ഫോട്ടോ വെച്ചുള്ള ഇന്നത്തെ ‘മാധ്യമ’ത്തിന്റെ സപ്ലിമെന്റ്. ഗള്‍ഫ് മാധ്യമത്തില്‍ അവര്‍ക്കത് പ്രസിദ്ധീകരിക്കാന്‍ ധൈര്യമില്ലാതെ പോയതിന്റെ കാരണം, ഭാവിയിലും പാവം അറബികളെ പച്ചക്ക് ചൂഷണം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ഭയമാകാം. ജമാഅത്തെ ഇസ്ലാമിയുടെ ഈ മുഖംമൂടി പിച്ചിച്ചീന്തപ്പെടണം. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ വാക്കുകള്‍ കടമെടുത്താല്‍ കൊറോണയെക്കാള്‍ മാരകമായ വൈറസാണ് ഈ മുസ്ലിം ഗോള്‍വാള്‍ക്കറിസ്റ്റുകള്‍ മനസ്സില്‍ പേറുന്നത്. കൊറോണയോട് മാത്രമല്ല ജമാഅത്തെ ഇസ്ലാമിയോടും നമുക്ക് സാമൂഹ്യ അകലം പാലിക്കാം.

Exit mobile version