യുവാക്കള്‍ക്ക് ഒരാശങ്കയും വേണ്ട; യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ കേരളത്തില്‍ തന്നെ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി

ഒരു മനുഷ്യന്‍ ഏറ്റവും മികവുറ്റു നില്‍ക്കുന്ന യൗവനത്തിലെ പ്രവര്‍ത്തനശേഷി മറ്റ് രാജ്യങ്ങള്‍ക്ക് ലഭിക്കുകയാണ്. ഇത് ഇവിടെത്തന്നെ ലഭിക്കാനുതകുന്ന നടപടികളാണ് സംസ്ഥാനം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം; യുവാക്കള്‍ക്ക് യോഗ്യതയ്ക്ക് അനുസരിച്ച് കേരളത്തില്‍ തന്നെ തൊളില്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തൊഴില്‍മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കില്‍ഡ് തൊഴിലാളികള്‍ കൂടുതലായി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത് തങ്ങള്‍ ആര്‍ജിച്ച യോഗ്യതയ്ക്കുള്ള തൊഴില്‍ ഇവിടെ ലഭിക്കാത്തതിനാലാണ്. ഈ സാഹചര്യത്തിന് അന്ത്യംകുറിക്കാനാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹം. ഒരു മനുഷ്യന്‍ ഏറ്റവും മികവുറ്റു നില്‍ക്കുന്ന യൗവനത്തിലെ പ്രവര്‍ത്തനശേഷി മറ്റ് രാജ്യങ്ങള്‍ക്ക് ലഭിക്കുകയാണ്. ഇത് ഇവിടെത്തന്നെ ലഭിക്കാനുതകുന്ന നടപടികളാണ് സംസ്ഥാനം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ നാടിലേക്ക് അന്താരാഷ്ട്ര ബഹുരാഷ്ട്ര കമ്പനികളടക്കം കടന്നുവരികയാണ്. നമ്മുടെ നാടിനെ നല്ല രീതിയില്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്രളയദുരന്തത്തിനുശേഷം ഏതുതരത്തില്‍ പുതിയൊരു കേരളം സൃഷ്ടിക്കാം എന്നാണ് നമ്മള്‍ ചിന്തിക്കുന്നത്. യുവാക്കള്‍ക്ക് ഒരാശങ്കയും വേണ്ട, നമ്മുടെ നാടിനെ കാലാനുസൃതമായി അഭിവൃദ്ധിപ്പെടുത്താന്‍ സാധിക്കും.

നമ്മുടെ സംസ്ഥാനത്ത് നല്ല തൊഴില്‍ അന്തരീക്ഷമാണ്. കേരളത്തില്‍ സ്ഥാപിതമായ ഏതെങ്കിലും തൊഴില്‍സ്ഥാപനം ഇവിടെയുള്ള തൊഴില്‍പ്രശ്നത്തിന്റെ പേരില്‍ അടയേണ്ട സ്ഥിതി വന്നിട്ടില്ല. ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതു സ്ഥാപനത്തിന്റെ മേധാവിയോട്് ചോദിച്ചാലും നല്ല തൊഴിലാളി -തൊഴിലുടമാ ബന്ധമാണ് നിലനില്‍ക്കുന്നത് എന്നാണ് അഭിപ്രായം.

എന്നാല്‍ കേരളത്തില്‍ മുതല്‍ മുടക്കിയാല്‍ എന്തോ പ്രയാസം ഉണ്ടാകുമെന്നാണ് പുറത്തുള്ള ചിത്രം. ഇവിടെ വ്യവസായം തുടങ്ങാന്‍ അപേക്ഷ നല്‍കിയാല്‍ വലിയ കാലതാമസമുണ്ടാകുമെന്ന പരാതി പരിഹരിക്കാന്‍ നടപടിയെടുത്തു. കാലതാമസത്തിന് അവസാനം കുറിക്കാനാണ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സംവിധാനത്തിലൂടെയാണ് നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നത്. ഇതിന് ഒട്ടേറെ നിയമങ്ങള്‍ നിയമസഭയില്‍ ഭേദഗതി ചെയ്തു. ഒരപേക്ഷ കൊടുത്താല്‍ നിശ്ചിതദിവസത്തിനുള്ളില്‍ അനുമതി ലഭിച്ചില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കി നടപടികള്‍ സ്വീകരിക്കാം.

സമൂഹത്തിന്റെ കാഴ്ചപ്പാടിലും നല്ലരീതിയിലുള്ള പുരോഗതിയുണ്ടാകണം. നിക്ഷേപത്തിന് തയാറാകുന്നവര്‍ നാടിനുള്ള സേവനം കൂടി നടത്തുകയാണ്. സ്വാഭാവികമായും അതിന്റെ ഭാഗയി അവര്‍ക്കുള്ള ലാഭവും ലഭിക്കും. ഒരു നിക്ഷേപകന്‍ വരുമ്പോള്‍ ഉടക്കിടുന്ന സമീപനം തദ്ദേശസ്ഥാപനങ്ങളുള്‍പ്പെടെ അധികൃതരും സ്വീകരിക്കരുത്. കോര്‍പറേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍മേള നല്ലൊരു തുടക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version